
''ഉമ്മാ, വാതില്‍ തുറക്കുമ്മാ... ഞാന്‍ വന്നു...''ഇരുട്ടില്‍ തപ്പിത്തടഞ്ഞെഴുന്നേറ്റു വാതില്‍ തുറക്കുമ്പോള്‍ ആരുമില്ല. വിളറിയ ഇരുട്ടും കാറ്റും മാത്രം. അപ്പോഴേക്കും മകള്‍ ഷൈല എഴുന്നേറ്റുവന്നു.''ഈ ഉമ്മായ്ക്ക് ഉറക്കോം ഇല്ലേ?''''അല്ലെടീ മോളേ... നാസറുദ്ദീന്‍ വന്നു വിളിച്ചപോലെ തോന്നി എനിക്ക്...''ആ വാക്കുകള്‍ ഷൈലയെ വേദനിപ്പിച്ചുവെങ്കിലും അവള് ഉമ്മയെ ആശ്വസിപ്പിച്ചു.''ഇക്കാക്ക ഇന്നും വിളിച്ചില്ലല്ലോന്ന് ഓര്‍ത്തുകിടന്നിട്ടാ... ഉമ്മ ചെന്നു കിടന്നോ. ഇക്കാക്ക വരും..''കിടന്നിട്ടും ജമീലാബീവിയുമ്മയ്ക്ക് ഉറക്കം വന്നില്ല.
നാസറുദ്ദീന്‍ വിളിച്ചല്ലോ.ആ ശബ്ദം താന്‍ കേട്ടതാണല്ലോ...അങ്ങനെ മകനെ കിനാക്കണ്ടു കരഞ്ഞും സങ്കടപ്പെട്ടും രാത്രി പുലരാന്‍ ഉമ്മ കാത്തുകിടക്കുമ്പോള്‍, ദൂരെ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ മകന് വന്നു വണ്ടിയിറങ്ങിയിരുന്നു. സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ കാല്‍നൂറ്റാണ്ടു പിന്നിട്ട ദുരിതജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയതായിരുന്നു നാസറുദ്ദീന്‍. താടിയും മുടിയും വളര്‍ന്നു മെലിഞ്ഞു അസ്ഥിമാത്രമായ പ്രാകൃതരൂപം. മുഷിഞ്ഞ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു മൊബൈല്‍ ഫോണും നൂറു രൂപയും. ട്രെയിന്‍ യാത്രക്കിടയില്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ തളര്‍ന്നിട്ടും ചെലവാക്കാതെ നിധി പോലെ സൂക്ഷിച്ച നൂറുരൂപ.വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം താന്‍ ഗള്‍ഫില്‍ നിന്നു വരികയാണ്. ഉമ്മയ്ക്കും മക്കള്‍ക്കും എന്തെങ്കിലും മധുരം വാങ്ങികൊടുക്കണം. അതിനായി കാത്തു വച്ചതായിരുന്നു ആ നൂറുരൂപ.
പക്ഷേ നാസറുദ്ദീന്‍ ഒന്നിനുമായില്ല. നിറഞ്ഞു തുളുമ്പുന്ന മനസോടെ സ്വന്തം നാട്ടില്‍ വണ്ടിയിറങ്ങി പാളത്തിലൂടെ കുറച്ചടി നടന്നതേയുള്ളൂ, വീണുപോയി നാസറുദ്ദീന്‍.ഏതോ രാത്രിവണ്ടിക്കു വന്നിറങ്ങിയ അയാള്‍ രാത്രി മുഴുവന്‍ അവിടെ കിടന്നു. വെളുപ്പിനു റെയില്‍വേ പോലീസുകാരാണു പാളത്തില്‍ ബോധമറ്റു കിടന്ന നാസറുദ്ദീനെ കണ്ടെത്തിയത്.അവര്‍ ഉടന്‍ ആശുപത്രിയിലാക്കി.നാസറുദ്ദീന്റെ മൊബൈല്‍ഫോണില്‍ നിന്നു ലഭിച്ച നമ്പറില്‍ ഞാറയില്‍ക്കോണം പേഴുവിളവീട്ടിലേക്ക് അവര്‍ വിളിച്ചു:-നാസറുദ്ദീന്‍ ഇവിടെ താലൂക്കാശുപത്രിയിലുണ്ട്. ഉടന്‍ വരണം.അപ്പോള്‍ത്തന്നെ ബന്ധുക്കള്‍ക്കൊപ്പം ജമീലാബീവി വര്‍ക്കല താലൂക്കാശുപത്രിയിലേക്കു ചെന്നു.അവിടെ, ആശുപത്രിക്കിടക്കയില്‍ അസ്ഥിമാത്രമായി ചുരുണ്ടുകിടക്കുന്ന മനുഷ്യക്കോലത്തെക്കണ്ട് ആ ഉമ്മയുടെ ഇടനെഞ്ചു പൊട്ടി.നാസറുദ്ദീന്‍!വര്‍ഷങ്ങള്‍ക്കു മുമ്പ്, ഉമ്മയെ പൊന്നുകൊണ്ടു മൂടാന്‍ ഗള്‍ഫിലേക്കു പോയ മകന്.
ഉമ്മയെ കാണ്‍കെ നാസറുദ്ദീന്റെ കണ്ണുകളും നിറഞ്ഞു. ഇരുപത്തിയാറുവര്‍ഷം, ആരോടും പറയാതെ മനസിലടക്കിയ സങ്കടങ്ങളത്രയും കണ്‍കോണുകളിലൂടെ കണ്ണീരായി തിളച്ചൊഴുകി. പറയാനാഞ്ഞ വാക്കുകള്‍ നാവില്‍ കല്ലിച്ചു: ''ഉമ്മാ... ഞാന്‍ വന്നു...'' അത്രമാത്രം. രാത്രിയില്‍ കിനാവില് താന്‍ കേട്ട ശബ്ദം. അന്നു വൈകിട്ടുതന്നെ ന്യൂമോണിയ കടുത്ത് നാസറുദ്ദീന്‍ മരിച്ചു. ഉമ്മയെയും കൂടപ്പിറപ്പുകളെയും ഒരുനോക്കു കാണാന്‍വേണ്ടി മാത്രമായിരുന്നോ വര്‍ഷങ്ങള്‍ക്കുശേഷം നാസറുദ്ദീന്‍ വന്നത്? എങ്കില്‍ അതെന്തൊരു നിയോഗമായിരുന്നു?തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം ഞാറയില്‍ക്കോണത്തിനടുത്ത് കല്ലുകള്‍ കുത്തിച്ചാരിയുണ്ടാക്കിയ കൊച്ചു വീട്ടിലിരുന്ന്, മകനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ജമീലബീവി വിങ്ങിപ്പൊട്ടി.''പടച്ച റബ്ബേ... പെറ്റ വയറിതെങ്ങനെ സഹിക്കും?''
കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞ കുടുംബത്തിന് ഒരു തണലാകുവാനാണ് ഇരുപത്തിമൂന്നാം വയസില്‍ നാസറുദ്ദീന്‍ ആദ്യം ഗള്‍ഫിലേക്കു പോകുന്നത്.നന്നായി മേസ്തിരിപ്പണി അറിയാവുന്നതുകൊണ്ട്, ഒരു സ്വകാര്യനിര്‍മ്മാണക്കമ്പനിയില്‍ ജോലി കിട്ടി. ഇടയ്ക്കു ലീവിനു നാട്ടില്‍ വന്നപ്പോള്‍ ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍ക്കോണത്ത് ഷൈലാബീവിയെ വിവാഹം കഴിച്ചു. മകന് മുഹമ്മദ് ജഹാസിന് പിറന്നതിനുശേഷം വീണ്ടും നാസറുദ്ദീന്‍ സൗദി അറേബ്യയിലേക്കു പോയി.അവസാനമായി നാസറുദ്ദീന്‍ വന്നുപോയപ്പോഴാണ് താന്‍ മകളെ ഗര്‍ഭംധരിച്ചതെന്ന് ഓര്‍ക്കുന്നു ഷൈലാബീവി.''അന്നു പോയതാണ്. പിന്നെ കാണുന്നത് ഈ കോലത്തില്‍. മോളെ ഇക്കാ കണ്ടിട്ടില്ല. മോള്‍ക്കും വാപ്പിച്ചിയെ ഓര്‍മയില്ല...''ഷൈലാബീവി വിതുമ്പുന്നു. പിന്നെപ്പിന്നെ ലീവിനു നാസറുദ്ദീന്‍ വരാതായി. ഫോണ്‍ വിളിയും കുറഞ്ഞു. വല്ലപ്പോഴും ഒന്നു വിളിക്കും. വിളിക്കുമ്പോള്‍ പറയും:''അടുത്താഴ്ച ഞാന്‍ പണമയയ്ക്കാം. നീ ഓരോന്നോര്‍ത്തു സങ്കടപ്പെടാതെ ആഹാരം കഴിക്കണം. മക്കള്‍ക്കു നല്ല ഭക്ഷണം കൊടുക്കണം... എന്നൊക്കെ എന്നെ ഉപദേശിക്കും. പക്ഷേ അടുത്തയാഴ്ച പണമൊന്നും വരില്ല. അങ്ങോട്ടു വിളിച്ചാല്‍ ചിലപ്പോഴേ കിട്ടൂ. അവിടെയെന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിച്ചാലും പറയില്ല... സങ്കടങ്ങളൊന്നും ഉറ്റവരോടുപോലും പറയുന്ന പ്രകൃതമല്ല ഇക്കായുടേത്...''കവിളിലൂടൊഴുന്ന കണ്ണീര് പുറംകൈകൊണ്ടൊന്നു തുടച്ചു ഷൈലാബീവി.
സൗദി അറേബ്യയില്‍ പ്രശ്നങ്ങളുടെ നടുവിലായിരുന്നു നാസറുദ്ദീന്‍ അപ്പോള്‍. ജോലിചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ പണി കുറഞ്ഞു. ചെയ്യുന്ന ജോലിക്കുപോലും കൂലികിട്ടാത്ത അവസ്ഥ. പാസ്പോര്‍ട്ടും വിസയും മറ്റു രേഖയും കമ്പനിയുടമയുടെ കൈയിലായതിനാല്‍ മറ്റൊരു കമ്പനിയില്‍ ജോലി തേടാനുമായില്ല. ജോലിയില്ല. ആനുകൂല്യങ്ങളില്ല. കൈയില്‍ ഒറ്റ പൈസയില്ല. പട്ടിണി കിടന്നു മടുത്ത് കമ്പനിയുടമ അറിയാതെ കമ്പനിക്കു പുറമെയുള്ള ജോലിക്കു പോയിത്തുടങ്ങി നാസറുദ്ദീന്‍. അവിടെയും ദുരിതങ്ങള്‍തന്നെയായിരുന്നു. വൈകുന്നേരംവരെ കഷ്ടപ്പെട്ടാലും ചിലപ്പോള്‍ വെറുംകൈയോടെ തൊഴിലുടമ ആട്ടിയോടിക്കും.ഇങ്ങനെ പട്ടിണിയും പരിവട്ടവുമായി നാസറുദ്ദീന്‍ ഗള്‍ഫില്‍ കഴിഞ്ഞത് ഒന്നും രണ്ടുമല്ല, അനേകവര്‍ഷങ്ങളാണ്. കമ്പനിയുടമ പാസ്പോര്‍ട്ടും രേഖകളും തിരിച്ചുനല്‍കിയിരുന്നെങ്കില്‍ നാട്ടിലേക്കെങ്കിലും പോരാമായിരുന്നു.പക്ഷേ, അയാളതും തടഞ്ഞുവച്ചു. അഭിമാനിയായ നാസറുദ്ദീനാകട്ടെ തന്റെ ദുരിതങ്ങള്‍ ആരോടും പറഞ്ഞുമില്ല. ഒടുവില്‍ ജീവിതംതന്നെ കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ നാട്ടിലേക്കു തിരിച്ചുവരാന്‍തന്നെ തീരുമാനിച്ചു. മതിയായ രേഖകളില്ലാതെ ഗള്‍ഫില്‍ കഴിയുന്നവര്‍ പോലീസിനു കീഴടങ്ങണം. ബാക്കി നിയമനടപടികള്‍ അവര്‍ ചെയ്യും. നാസറുദ്ദീന്‍ പോലീസിനു പിടികൊടുത്തു. ഒമ്പതുദിവസം സൗദി ജയിലില്‍ കഴിയുകയും ചെയ്തു.നാസറുദ്ദീന്റെ വിവരങ്ങള്‍ പോലീസ് ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ നല്കിയ താത്ക്കാലിക പാസ്പോര്ട്ടില് ന്യൂഡല്‍ഹിയിലെ ജയ്ഹിന്ദ് എയര്‍പോര്‍ട്ടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് നാസറുദ്ദീന്‍ വന്നിറങ്ങിയത്. അവിടെനിന്നു ബാംഗ്ലൂര്‍വഴി 27-ാംതീയതി ശനിയാഴ്ച വര്‍ക്കലയില്‍ എത്തി.
ദിവസങ്ങളോളം നീണ്ട ട്രെയിന്‍യാത്രയില്‍ ഭക്ഷണമോ വെള്ളമോ കഴിച്ചില്ല നാസറുദ്ദീന്‍. ബാഗേജ്-12 എന്നൊരു സ്ട്രിപ്പ് നാസറുദ്ദീന്റെ പോക്കറ്റിലുണ്ടായിരുന്നു. പക്ഷേ, ആ ബാഗ് കണ്ടുകിട്ടിയില്ല. എഴുന്നേറ്റു നില്ക്കാന്പോലും ആവതില്ലാതെ ഇത്തിരി വെള്ളത്തിനായി ട്രെയിനില്‍വച്ചു സഹയാത്രികരോടു പലരോടും സഹായം ചോദിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.വര്‍ക്കലയിലെ നാലാംനമ്പര്‍ ട്രാക്കില്‍ വീണുകിടന്ന നാസറുദ്ദീനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആദ്യം വര്‍ക്കല താലൂക്കാശുപത്രിയിലാക്കി. നാസറുദ്ദീന്റെ ശാരീരികനില വീണ്ടും വഷളായതോടെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്കും പിന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. കടുത്ത ന്യൂമോണിയയും ശ്വാസതടസവുംമൂലം നാസറുദ്ദീന്‍ വലഞ്ഞു.എങ്കിലും ബോധം തിരികെ കിട്ടി, മെല്ലെ സംസാരിക്കാമെന്നായപ്പോള്‍ താനനുഭവിച്ച കഷ്ടതകള്‍ ഉമ്മയോടു പറഞ്ഞു നാസറുദ്ദീന്‍ വിതുമ്പി.ഇത്രയുംകാലം നാസറുദ്ദീന്‍ എവിടെയായിരുന്നുവെന്ന് എല്ലാവരും അറിയുന്നതുപോലും അപ്പോഴാണ്.നാസറുദ്ദീന്‍ രക്ഷപ്പെടുമെന്നുതന്നെ ജമീലാബീവി കരുതി.പക്ഷേ വിധി മറ്റൊന്നായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ശ്വാസതടസം അധികരിച്ച് നാസറുദ്ദീന്‍ മരിച്ചു. ചീറയിന്‍കീഴിലെ വാടകവീട്ടിലായിരുന്ന ഭാര്യയും മക്കളും വിവരമറിഞ്ഞ് ഓടിപ്പാഞ്ഞുവരുമ്പോള്‍ കാണാനായത് നാസറുദ്ദീന്റെ ജീവനറ്റ ശരീരം മാത്രമാണ്. വര്‍ഷങ്ങളോളം കാത്തുകാത്തിരുന്നിട്ട് ഒരുവാക്കു മിണ്ടാനോ ഒന്നു കാണാനോ കഴിയാതെ ചങ്കുപറിഞ്ഞുപോകുന്ന വേദനയില്‍ ഷൈലാബീവി പറയുന്നു:''വാപ്പിച്ചി വന്നിട്ട് വീടു പണിയണം. എന്നിട്ടുവേണം എനിക്കു തുടര്‍ന്നു പഠിക്കാന്‍ എന്നൊക്കെ മോന് എപ്പഴും പറയുമായിരുന്നു. എല്ലാം പോയില്ലേ. ഇത്രയുംകാലം ഇന്നു വരും നാളെ വരും എന്നു കരുതി ഞങ്ങളു കാത്തിരുന്നു. അവസാനം വന്നപ്പോള്‍... എന്റെ റബ്ബേ...''ഷൈലാബീവിയുടെ വാക്കുകള്‍ വിതുമ്പലാല്‍ മുറിയുന്നു. നാസറുദ്ദീന്റെ മകന് ഉയര്‍ന്ന മാര്‍ക്കു വാങ്ങി പത്താംക്ലാസു പാസായതാണ്. തുടര്‍ന്നു പഠിക്കാന്‍ വലിയ ആഗ്രഹമാണ് ജഹാസിന്. വാപ്പിച്ചി കൈനിറയെ പണവുമായി വരുന്നതും തന്നെ ഉയര്‍ന്ന ഡിഗ്രികള്‍ക്കു പഠിക്കാന്‍ വിടുന്നതും പ്രതീക്ഷിച്ചിരുന്ന ജഹാസിന് ഇനിയെങ്ങനെ പഠിക്കും. അറിയില്ല. മകള്‍ ജിന്‍സി ഇക്കൊല്ലം ഒമ്പതിലാണ്. പഠിക്കാന്‍ ജ്യേഷ്ഠനെപ്പോലെതന്നെ മിടുമിടുക്കി.ഇവരുടെ ഭാവി ഇനിയെന്താണ്?ചിറയിന്‍കീഴില്‍ ഒരു വാടകവീട്ടിലാണ് ഇവരിപ്പോള്‍ താമസിക്കുന്നത്. നാസറുദ്ദീന്‍ വരുമെന്ന അവസാനപ്രതീക്ഷയും അറ്റതോടെ ഈ കുടുംബം ഇന്ന് ഇരുട്ടിലാണ്. നാസറുദ്ദീനെപ്പോലെ എത്രയോ മലയാളികള്‍ ഗള്‍ഫില്‍ ഒരുനേരത്തേ ഭക്ഷണത്തിനുപോലും ഗതിയില്ലാതെ അലയുന്നുണ്ടാകും. നാസറുദ്ദീന്‍ നാട്ടിലെത്തി ഉമ്മയുടെ മുഖമെങ്കിലും ഒരുനോക്കു കണ്ടു. അതിനുപോലും കഴിയാതെ മണലാരണ്യത്തില്‍ത്തന്നെ ഒടുങ്ങാന്‍ വിധിക്കപ്പെട്ടവര്‍ എത്രപേര്‍?നാസറുദ്ദീന്‍ വന്നുവെന്നും, വന്നിട്ട് വീടിന്റെ പടിപോലും ചവിട്ടാതെ, മക്കളെയും ഭാര്യയെയും കണ്‍തുറന്നുകാണാതെ കുടവൂര്‍ ജുമാമസ്ജിദിലെ പള്ളിക്കാട്ടിലേക്ക് ഉറങ്ങാന്‍ പോയെന്നും ജമീലാബീവിക്ക് ഇപ്പഴും വിശ്വസിക്കാനായിട്ടില്ല.ഇടയ്ക്ക് ഈ ഉമ്മ മക്കളോടു ചോദിച്ചുപോകുന്നു: ''നാസറുദ്ദീന്‍ വിളിച്ചോടീ മോളേ... അവന്റെ കത്തു വല്ലോം വന്നോ ഇന്ന്...''
3 comments:
പടച്ച റബ്ബേ നാസറുദ്ദീന്റെ കബര്‍ സ്വര്‍ഗ പൂന്തോപ്പ് ആക്കികൊടുക്കേണമേ ആമീന്‍ , എനി ഒരു മനുഷ്യനും ഇത്പോലത്തെ അവസ്ഥ വരുത്തല്ലേ റബ്ബേ ആമീന്‍, ഓരോരുത്തര്‍ക്ക് കഴിയുന്നവിധം ആ കുടുംബത്തിനു സഹായം ചെയ്തു കുടുക്കാന്‍ അപേക്ഷിക്കുന്നു, ആ സ്നേഹ സമ്പന്നമായ ഉമ്മക്കും നാസറുദ്ദീന്റെ ഭാര്യക്കും കുട്ടികള്‍ക്കും ഇത്തിരി സ്നേഹവും ചെറിയ ഒരു സഹായവും നാം ചെയ്തു കൊടുക്കേണ്ടേ , ഇതെങ്കിലും ചെയ്തില്ലെങ്കില്‍ മനുഷ്യത്തിനു എന്ത് അര്‍ത്ഥമാണ് ഉള്ളത് , പെറ്റ നോവിന്റെ വേദന സഹിച്ച ആ ഉമ്മനെയും ഭര്‍ത്താവിനെ നഷ്ടപെട്ട ഭാര്യയുടെയും പിതാവിന്റെ സ്നേഹവാത്സല്യങ്ങള്‍ നഷ്ടപെട്ട ആ മക്കള്‍ക്കും നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റിയാല്‍ അത് ഒരുവലിയകര്യമാണ്....
വിധിയുടെ ക്രൂരത. വേറെന്തു പറയാന്‍. ശരിക്കും കണ്ണ് നനയിച്ചു..
Pravasa lifr inganokke thanne..yearly 1 month leavinu pookunna naam next 25 yearil koodiyaal 750 day(athayathu total randu varsham) mathrame nammude nattilundakoo..after 25 kalaharanapetta punyavalanayi kurachu kaalam koodi !!!
Post a Comment