Tuesday, March 30, 2010

നിലവിലുണ്ടോ???


കുറച്ചു കാലം മുമ്പ് വരെ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ എ എം അലുംനി ദുബായ് ചപ്റെരിനു എന്ത് പറ്റി?? മികച്ച രീതിയില്‍ മുന്നോട്ടു പോയ്കൊണ്ടിരുന്ന സംഘടനയുടെ അനക്കം ഏതാണ്ട് നിലച്ച മട്ടാണ്. ഒര്‍ഗനിസിംഗ് സെക്രടറി ഫൈസല്‍ മുഹമ്മദിന്റെ രാജിയും അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും ചിലരൊക്കെ മനപൂര്‍വം മറന്ന മട്ടാണ്.

ഉടന്‍ ജനറല്‍ ബോഡി വിളിച്ചു എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നു അജ്നാസും നബീലുമൊക്കെ പറഞ്ഞിരുന്നെകിലും ഇതുവരെ അതിനുള്ള നീക്കങ്ങളൊന്നും നടന്നതായും കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നാം അലുംനി ദുബായ് ചാപ്റ്റര്‍ നിലവിലുണ്ടോ???

ഓരോ അദ്യയന വര്ഷം കഴിയും തോറും ദുബയിലെതുന്ന നാം അലുംനികളുടെ എണ്ണം കൂടി കൂടി വരികയാണ്. ഉത്തരവാദപ്പെട്ടവര്‍ ഇനിയും മൌനവ്രതം തുടരുകയാണെങ്കില്‍ ഈ പ്രസ്ഥാനത്തിന് ചരമ ഗീതം പാടുന്ന കാലം അതി വിദൂരമല്ല.

ഭാരവാഹികളുടെ ഭാഗത്ത്‌ നിന്നും പ്രതികരണമുണ്ടാവുമെന്ന പ്രതീക്ഷയോടെ ഇതൊരു ചര്‍ച്ചയായി നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു.
,

Saturday, March 27, 2010

കോളേജിലെ എന്‍റെ ആദ്യ ദിനം .... (വീണ്ടും ചില കലാലയ ഓര്‍മ്മകള്‍ )

.
ദ്യത്തെ ദിവസമല്ലേ, ഒന്‍പതു മണിക്ക് തന്നെ കോളേജില്‍ എത്താം എന്ന് കരുതി ഞാന്‍ അതി രാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി.. കൃത്യം എട്ടര മണിക്ക് കല്ലിക്കണ്ടിയില്‍ എത്തി ഒരുപാട് ആളുകളുണ്ട് അവിടെ .... എന്നെ പോലത്തെ പുതിയവരും പിന്നെ " പഴമ " ക്കാരും ഉണ്ട്... നടന്നു കയറാം എന്ന് കരുതി ഞാനും എന്‍റെ സുഹുര്തുകളും നടക്കാന്‍ തുടങ്ങി ....

അപ്പോള്‍ അതാ ഒരു "പഴമ" കാരന്‍ പറഞ്ഞു നിങ്ങള്‍ നടന്നു പോയല്‍ ആദ്യത്തെ ദിവസം തന്നെ
ക്ലാസ്സിന്ന് പുറത്താകുമെന്ന് ... ജീപിനു കയറി പോകാന്‍ പറഞ്ഞു .. " അതാണ് നല്ലത് " എന്ന് പറഞ്ഞു ഞാന്‍ ജീപിലേക്ക് കയറി കൂടെ ആ "ഉപദേശിയും " ഉണ്ടായിരുന്നു...

കോളേജില്‍ എത്തി ഡ്രൈവര്‍ പറഞ്ഞു " എല്ലാവരും പൈസ തന്നോളൂ" ഞാന്‍ പത്തു രൂപ കൊടുത്തു അപ്പോള്‍ ആ "വഴി കാടിയായ " ആ "സഹ പ ( ഹയന്‍ ) ടി പറഞ്ഞു എന്റെതും കൂടി പൈസകൊടുത്തേക്കു എന്ന് (റാഗ്ഗിംഗ്) ... ആദ്യ ദിവസമല്ലേ ഞാന്‍ പൈസ കൊടുത്തു...

എന്‍റെ മനസ്സില്‍ ഞാന്‍ മന്ത്രിച്ചു ..... ഇതിനായിരുന്നോ ഇവന്‍ നമ്മളെ ജീപ്പില്‍ കയറ്റിയത്....... അങ്ങനെ കോളേജില്‍ എത്തിയപ്പോള്‍ ക്ലാസ്സിലേക്ക് കയറി ഇരുന്നു ...... സമയം ഒന്‍പതു മണി ഞാന്‍ ക്ലാസ്സു മുഴുവന്‍ ഒന്ന് നോക്കി അന്‍പതോളം ആളുകളുണ്ട് . അതില്‍ ആണ്‍ കുട്ടികള്‍ ആറു പേര്‍ മാത്രം.....

ഒന്പതെ മുപ്പതിനാണ് ക്ലാസ്സ്‌ എന്ന് എനിക്കറിയാമായിരുന്നു .. എന്നാല്‍ അതാ ഒന്പതെ കാലിനു തന്നെ ഒരു "അധ്യാപകന്‍ " ക്ലാസ്സിലേക്ക് കയറി വന്നു . നമ്മള്‍ എല്ലാവരും
എഴുനേറ്റു നിന്ന് ഗുഡ് മോര്‍ണിംഗ് സര്‍ എന്ന് പറഞ്ഞു ." ഗുഡ് മോര്‍ണിംഗ് എല്ലാവരും " ഇരിക്കു ക്ലാസ്സില്‍ വന്ന ആ പൊക്കം കൂടിയ സര്‍ പറഞ്ഞു... എന്നിട്ട് അയാള്‍ പറഞ്ഞു " എല്ലാവര്ക്കും സ്വാഗതം എങ്ങനെ ഉണ്ട് കോളേജ് .. പിന്നെ എനിക്ക് ഇപ്പൊ സമയം കുറവാണു എല്ലാ ക്ലാസ്സിലും ഒന്ന് കയറണം പരിചയ പെടല്‍ പിന്നെ ആകാം" എന്ന് പറഞ്ഞു "സര്‍" പോയി....

സമയം ഒന്‍പതര അതാ വരുന്നു നമ്മുടെ ജോസ് സര്‍ . ജോസ് സാറിനെ എനിക്ക് നേരത്തെ പരിചയം ഉണ്ട്...അഡ്മിഷന്‍ ‍ സമയത്ത് വന്നപ്പോള്‍ എന്നെ "ഉപദേശിച്ചിരുന്നു" .. രജിസ്റ്റര്‍ എടുത്തു ആളുകളുടെ പേര് വിളിക്കാന്‍ തുടങ്ങി.... അപ്പോഴതാ
പുറത്തു നിന്നും ഒരു കൂട്ട ശബ്ദം "
നവാഗതര്‍ക്ക് സ്വാഗതം... എന്‍ എ എമ്മിന്റെ പച്ച മണ്ണിലേക്ക് സ്വാഗതം......" സര്‍ രജിസ്റ്റര്‍ താഴെ വെച്ച്....

പിന്നെ ക്ലാസ്സിലുള്ളവരുടെ ശ്രദ്ധ ആ പ്രകടനത്തിലെക്കായി മിക്ക ആളുകള്‍ക്കും അതൊരു പുതിയ അനുഭവം ആയിരുന്നു... ആ ആള്‍കൂട്ടം നമ്മുടെ ക്ലാസ്സിനടുത് എത്തി അപ്പോഴതാ നമ്മുടെ ആദ്യം വന്ന ആ "പൊക്കം കൂടിയ സര്‍ " പ്രകടനത്തിന്റെ മുന്പില്‍ നമ്മള്‍ ഒന്ന് അന്തം വിട്ടു .. അധ്യാപകന്‍ മാരും പ്രകടനം നടത്തുന്ന കോളേജ് ?

പ്രകടനം പോയപ്പോള്‍ ജോസ് സര്‍ വീണ്ടും രജിസ്ടര്‍ എടുത്തു ..ഞാനാണ്‌ നിങ്ങളുടെ ക്ലാസ്സ്‌ ഇന്‍ ചാര്‍ജ് എന്‍റെ പേര് ജോസ് ... അപ്പോള്‍ നമ്മുടെ ക്ലാസ്സിലെ ഒരു സ്മാര്‍ട്ടായ പെണ്‍ കുട്ടി
എഴുനേറ്റു നിന്ന് ചോദിച്ചു "അപ്പൊരാവിലെ വന്ന ആ സര്‍ ആരാ ?" .. രാവിലെയോ അതാരാണ് ? സര്‍ ചോദിച്ചു . അപ്പൊ ഞാന്‍ പറഞ്ഞു ആ പ്രകടനതിലുള്ള നീളം കൂടിയ ആ സര്‍ ... ഹാ... ഹാ...... ഹാ...... ജോസ് സര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു അവന്‍ ഇവടെ വന്നിരുന്നു അല്ലെ ? അത് മാഷല്ല ബീ
യിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി "ഹഷിഫ് എസ് കെ" ആണ് ....................................


post from

MUHAMMED SHAFEEQUE

http://shafeekpayeth.blogspot.com/

Thursday, March 25, 2010

ബച്ചനല്ല.... അച്ഛന്‍ ബന്നാ പോലും ഞാള് മലയാളിയേള്‍ മാറൂല്ല മോനെ.....

.
ച്ചനാരാന്നാ അയാള്‍ടെ ബിജാരം...ആരായാലും ഞമ്മക്ക് ____ ..... (ഡാഷ് എന്താണെന്നത് ഓരോരുത്തരുടെയും മനോഗതം അനുസരിച്ച് അങ്ങ് പൂരിപ്പിച്ച്ചാള ) ... എല്ല പിന്നെ ... ഞാളോടാ കളി... ഞാള് ചെലപ്പം പറയും ഇങ്ങളെ അംബാസിഡര്‍ ആക്കാം മാരുതി ആക്കാം എന്നെല്ലാം...അതെല്ലാം കേട്ടിട്ട് ഇങ്ങോട്ടേക്കു ടികറ്റ് എട്ക്വേന്‍ പറഞ്ഞോ...??? എല്ല ഞാളാരെങ്കിലും പറഞ്ഞോ...??? പടചോനാണെ..... സോറി... കാറല്‍ മാര്‍ക്സാനെ...... കോടിയേരി സഖാവ് പറഞ്ഞിട്ടില്ല.

പിന്നെ എടക്കെടക്ക് എന്തെങ്കിലും പറയലും മാറ്റി പറയലും ഞാള് സഖാക്കള് ഭരിക്കാന്‍ കേരിയപ്പം തൊടങ്ങിയതല്ലപ്പാ.. അത് ഇങ്ങക്ക് മനസ്സിലാവാത്തത് ആരെ കൊയപ്പാ... ഏതായാലും ഞാളതല്ല കൊയപ്പം ...

പണ്ട് ... അങ്ങ് ഒരുപാടൊന്നും പോണ്ട... ഞാളിങ്ങ് കേരിയേരം തെന്നെ. ഞമ്മളെ മുഖ്യന്‍ ... അതേന്നേ ഞാളെ ബേലിക്കവുത്തെ അച്ചുമ്മാന്‍ തെന്നെ. മൂന്നു പൂച്ചകളെ അങ്ങ് ബിട്ടിരുന്നു... കൂട്ടത്തില്‍ പത്തു പതിനഞ്ചു ജെ സി ബി യും... എന്തിനു..??

മാന്ത്വാന്‍ ... എന്ത് മാന്ത്വാനാന്നോ??? എന്തും മാന്തും .... ആരേം മാന്തും... അങ്ങെനേനും അറിയിപ്പ്...എന്നിട്ടെന്തായി.....?????? എല്ല.... ഇങ്ങള് തെന്നെ പറ എന്തായി??? എന്താവ്വേന്‍ ??? ഒന്നുആയില്ല ... ആദ്യം പറഞ്ഞ് എന്തും മാന്താന്ന്.. പിന്നെ പറഞ്ഞ് അത് പറ്റൂല്ല ... പള്ളീം അമ്പലോം മാന്തര്‍ന്നു..... പിന്നേം മാറി പള്ളീം പാര്‍ടി ആപ്പീസ്ന്നും ആക്കി.... അബസാനം ഒന്നും മാന്തി ക്കൂടാന്നായ്...

എന്നിട്ട് ആ പൂച്ചോള് ഇപ്പം ... പൂച്ചയും ഈച്ചയുമെല്ലാത്ത കോലത്തിലായി എന്നല്ലാണ്ട് എന്താ പറയ്യ.... പാവങ്ങള്‍ തൊട്ടതിനും പിടിച്ചതിനും മാന്തിയതിനും.... എന്തിന്നു തുംമിയതിന്നും തുപ്പിയതിന്നും ബെരെ മറുപടിയും പറഞ്ഞ് നടക്കുകയാ... കേസ് എന്ന് പറഞ്ഞാല്‍ കേസന്നെ.... അതില്‍ ചെലരൊക്കെ കോടതിയില്‍ തെന്നെ കെടക്വേന്‍ മുറി കിട്ട്വോ എന്നന്വേഷിക്കുന്നുണ്ട് എന്നാ കേട്ടത്... കാരണം ഈ കേസേല്ലോം തീര്‍ന്നിട്ട് അങ്ങ് പൊരേല്‍ പോക്വെന്‍ സമയം കിട്ടണ്ടേ....

പൂച്വേളെ ബിട്ടോലും എലിയെളെ കൂട നിന്നോലുവൊക്കെ ഇപ്പം നല്ല സംഘ ഗാനോം പാടി കോല്‍കളി കളിക്കുകയാ... പണ്ട് ഞാളെ അന്തോണി മുഖ്യന്‍ ആയപ്പോം ആ പാവം ജാനു അമ്മേനേം കൂട്ടെരേം പറ്റിച്ച പോലെ... കോല്‍കളിയും കയിഞ്ഞു പിറ്റേന്ന് കളി ബെരെയെല്ലേ നടന്നെ... അങ്ങനെ തന്നെ ... അതെ പോല്‍ത്തെ കോല്‍കളി തെന്നെ....

ആ.... പറഞ്ഞ്.... പറഞ്ഞ്.... എടെല്ലോ എത്തി പോയി...

ശെരി..... വീണ്ടും ഞമ്മക്ക് കം റ്റു ദി പോയിന്റ് .... അങ്ങനെ ഞാളെ മന്ത്രി ഇപ്പറഞ്ഞ പോല്തെന്നെ ഒര് തമാശക്ക് അങ്ങ് പറഞ്ഞതെല്ലേ...????... ഞാളെ ബണ്ടീ കേരുന്നോന്ന് ...??? അപ്പള്‍തേക്കും ഇങ്ങളോടാരാ പറഞ്ഞെ പെട്ടീം കെട്ടുവൊക്കെ റെഡിയാക്വേന്‍.... പറഞ്ഞെത് ബെറും ടൂറിസം മന്ത്രിയല്ല .. ആബ്യന്തരോം കൂടിയുല്ലതാനെന്നു പറഞ്ഞിട്ടുണ്ടോ എന്തെങ്കിലും കാര്യം .....???? എങ്ങനെ പറഞ്ഞാലും മന്ത്രിയുടെ നമ്പര്‍ രണ്ടെല്ലേ...???? ഒന്നാം നമ്പര്‍ കാരന്‍ പറഞ്ഞിട്റെന്നെ ബടെ ഒര് പുല്ലും നടക്ക്ന്നില്ല... പിന്നെയാ രണ്ടാം നമ്പര്‍... എതിനെല്ലെങ്കില്‍ ഒന്നും രണ്ടും എണ്ണുന്നു... ഞമ്മളെ കാരാട് മൂപ്പര് മാത്രം ബിജാരിച്ചാ എന്തെങ്കിലും നടക്ക്വോ...???

പിന്നെ ബച്ചന്‍ മൂപ്പര്‍ ചോദിക്കുന്ന പോലെ ഇതൊന്നും ഞാക്കെന്താ നേരത്തെ അറിഞ്ഞൂടെനോ എന്നൊന്നും അങ്ങ് ചോദിചളയണ്ട ... ഞാക് തോന്നുന്നത് ഞാള് തോന്നുംമം.. തോന്നുംമം... ചെയ്യും... എല്ലെങ്കില്‍തെന്നെ ഇങ്ങള്‍ ഞാളെ പയേ മുദ്രാവാക്യം മറന്നുപോയോ ...??? ഞമ്മളെ പോലിസ് ഞമ്മളെ തച്ചാല്‍ ഇങ്ങക്കെന്താ കൊണ്ഗ്രസ്സെ...

അ.. അ...ആ ... ഇത് പറഞ്ഞു ബന്നെരാ ഞാളെ കൊണ്ഗ്രെസു കാരുടെ തമാശ ഓര്‍മ്മ വന്നത് ... ഞമ്മളെ യുത്തന്‍മാര്ടെതാണെന്നേയ്.... മൂത്ത കൊണ്ഗ്രെസ്സുകാരോട് സ്ഥാനമോഹം ഒയിവാക്വേന്‍... ഏത്... സ്ഥാന മോഹം ....ആര് ... കൊണ്ഗ്രെസ്സുകാര്....എന്താക്വേന്‍ ... ഒയിവാക്വേന്‍.. ഇതിലും ബല്യ തമാശ ബെരെ ഏതെങ്കിലും ഉണ്ടോ... അറിഞ്ഞൂട മക്കളെ ... ഞാനേതായാലും കേട്ടിട്ടില്ല ...

കൊണ്ഗ്രെസ്സിലെ കെളവന്‍ മാരെ കൂടാഞ്ഞിട്ടു മറ്റെടത് നിന്നും ബെര്ന്ന കച്ചറ ഡംപ് ചെയ്യണ്ട കുപ്പ തൊട്ടിയല്ല കൊണ്ഗ്രെസ്സ് എന്നാ ഞാളെ യൂത്ത് നേതാവ് ലിജു പറേന്നെ... ലിജു ബന്നപ്പം ഇതിലും ബല്യ ഒര് നാറ്റം ഇണ്ടാര്‍ന്നു എന്നത് സത്യം... ഏത് ...??? ഞാളെ സിദ്ധീകിനെ മാറ്റിയ കളിയേയ്...

പോട്ടെ പോട്ടെ പറഞ്ഞ് പറഞ്ഞിങ്ങനെ കാട് കേറി പോന്നാ...

പിന്നെ ബച്ചന്‍ സാബിന്റെ ഓരോ പൊട്ടാ ചോദ്യങ്ങള്‍ കാണുമ്പോളാ ഞാക്ക് ശെരിക്കും ചിരി ബെരുന്നെ.... എല്ല പിന്നെ ഇയ്യാളെല്ലാണ്ട് ഇങ്ങേനെയെല്ലോം ചോദിക്ക്വോ??? ഏത് ... ഇങ്ങേനെന്നു

"‘You take umbrage at my association with Gujarat, but never have the guts or courage to stop a Ratan Tata, or an Ambani from investing in the state and running successful factories and ventures there. Would you have the guts to tell them to not associate with the State, to pull out all their investment and man power they build through years and years of their ‘association’ ? I guess not. You would happily bring politics into the matter just to dissuade. But what good does that do to a person that is non political. Reason and common sense overrides all else in moments like this. Such a shame really."


വല്ലോം മനസ്സിലായോ..??? എബടെ ????? എനക്ക് മനസ്സിലായത്‌ പറഞ്ഞെരാം ....

അതായത്...ഗുജറാത്തിന്റെ കേസും കൊണ്ട് രാഷ്ട്രീയ കാരണോം പറഞ്ഞ് എന്നെ ബെന്ടാന്നു ബെച്ച ഇങ്ങള് ഞമ്മളെ
ടാറ്റയെയോ അംബാനിയെയോ ഇങ്ങളെ നാട്ടില് പുതിയ കച്ചോടം തൊടങ്ങാന്‍ ബന്നാ പൊറത്താ ക്കുവോന്നു .... ഓലുടെ കച്ചോടം മൊത്തം ഇപ്പോം ഗുസറാതിലല്ലേ ... ഗുസറാത്തില്... നാനോ ... കീണോ തൊടങ്ങി എല്ലോം അബ്ട തെന്നെ .... അപ്പോം അതാണ്‌ കൊസ്ടിയന്‍....

ഇതാ ഭായി ഞമ്മള് പറഞ്ഞത് ഇങ്ങക്ക് ബുദ്ധിയില്ലാന്നു... എല്ലെങ്കില്‍ ഇങ്ങള് ഇങ്ങനത്തെ ചോദ്യം ചോയ്ക്ക്വോ????

എല്ല.. പിന്നെ.... ടാറ്റക്കും അംബാനിക്കും പെരാന്തല്ലേ കേരളത്തില്‍ പുതിയ പെരിപാടി തോടങ്ങ്വെന്‍... എല്ല ... എന്ന കൊണ്ടൊന്നും പറയിക്കന്ട... ടാറ്റക്കും ബിര്‍ലയും അംബാനിയുമല്ല ...ഞമ്മളെ പാവം ഗോപാലേട്ടന്‍ ബെരെ ചായപീടിയയും പൂട്ടി മദ്രാസ്സില്‍ കച്ചോടം നടത്തുമ്മാ ഇങ്ങളെ ഒര് ചോദ്യം.... എന്‍റെ പോന്നു ഭായി ഇതേയ് സലം ബേറയാ... gods own country... ഏത്.......???? ദൈവത്തിന്റെ ... അതന്നെ....

(തീര്‍ന്നിട്ടില്ല കേട്ടോ എനിയും ഉണ്ട് പറയാന്‍... അപ്പം ബീണ്ടും കാണാം കേട്ടോ ....)

Monday, March 22, 2010

നടുക്കം മാറാത്ത ആ വെള്ളിയാഴ്ച ...................... (ചില കലാലയ ഓര്‍മ്മകള്‍ )

.
മാസം ഒക്ടോബര്‍ , വെള്ളിയാഴ്ച ഉച്ചക്ക് സമയം ഒന്നര,,,,,, ചുട്ടു പൊളുന്ന വെയില്‍...

നമ്മള്‍ നാലു പേര്‍, അതില്‍ ഞാന്‍ അടക്കം മൂന്ന് പേര്‍ ബി എ ക്കാരും ഒരാള്‍ ബി കോം കാരനുമാണ് ... ജുമുആ നമസ്കാരം കഴിഞ്ഞു കല്ലികണ്ടിയില്‍ നിന്നും ഭക്ഷണം കഴിച്ചു കോളേജ് ലകഷ്യമാക്കി മണി മുട്ടികുന്നു നടന്നു കയറുകയാണ്....

അതില്‍ എന്‍റെ ക്ലാസ്സ്‌ മേറ്റ്‌( പേര് പറയാന്‍ അല്പം ഭയമുണ്ട് ) ഉം (ഞാനല്ല ) പിന്നെ എന്‍റെ ബി കോമിലെ സുഹുര്‍ത്തുംഅത്യാവശ്യം പുകവലിക്കാരാണ് (വീണ്ടും ഞാനല്ലേ) . ചുട്ടു പൊള്ളുന്ന വെയിലില്‍ ഞാന്‍ മുന്‍പില്‍ നടന്നു കൂടെ ഏകദേശം കോളേജിന്റെ ഇരുന്നൂര്‍ മീറ്റര്‍ അകലെ എത്തിയപ്പോള്‍ അവരുടെ കയ്യിലുള്ള സിഗരട്റ്റ് താഴെ ഇട്ടു ..

കുറച്ചു കൂടി മുന്പോട്ട് വന്നപ്പോള്‍ ചെറിയ ഒരുശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അതാ ഒരു ചെറിയ തീ .. അപ്പോള്‍ ഞാന്‍ പറഞ്ഞു " ഡാ ..................... കെടുത്തടാ തീ " അവന്‍ ശ്രമിച്ചു പക്ഷെ ചുട്ടു പൊള്ളുന്ന വെയിലും ഇളം കാറ്റും ആയപ്പോള്‍ തീ നമുക്ക് കെടുത്താനായില്ല ... അത് ആളി കത്താന്‍ തുടങ്ങി നമ്മള്‍ അവടെ നിന്നും "തടി ഉരീ " വേഗം കോളേജ് വരാന്തയില്‍ നിന്ന് ആളുകളുമായി സംസാരിച്ചു...

എന്നാല്‍ നമ്മുടെ നാലാളുകളുടെയും ശ്രദ്ധ ആ തീയിലെക്കാണ് അപ്പോള്‍ എന്‍റെ മനസ്സു പ്രാര്‍ത്ഥിച്ചു " പടച്ചവനെ ... നീ ആ തീയെ ഒന്ന് ആരുടെ എങ്കിലും കണ്ണില്‍ കാണിക്കണേ എന്ന് ".. പക്ഷെ ആരും കാണുനില്ല... ഒടുവില്‍ ഞാന്‍ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു " ഡാ.... തീ... തീ ....." എന്ന് അതാ എല്ലാവരും അവിടേക്ക് ഓടി അങ്ങനെ എന്‍റെ നേതൃതത്തില്‍ നമ്മള്‍ ആ തീ അണക്കാന്‍ ശ്രമിച്ചു.... ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചു.... അവസാനം തീ അണഞ്ഞു ....

തീ അണക്കാന്‍ വന്നതില്‍ നമ്മുടെ ബഹുമാന്യനായ പ്രിന്‍സിപ്പല്‍ പുത്തൂരും ഉണ്ടായിരുന്നു... എന്‍റെ മനസ്സ് പിടച്ചു..... ഒപ്പം എന്‍റെ കൂടെ ഉള്ള മൂന്ന് പേരുടെയും ....."ഇതെങ്ങനെ സംഭവിച്ചു .... ????" അതാ വരുന്നു ചോദ്യം...... പ്രിന്സിപലാണ് തീ അണക്കുന്നവരോട് ചോദിക്കുന്നത്... നമ്മള്‍ വീണ്ടുംവിറങ്ങലിച്ചു ..

ഹോ അതാ കുളിര്‍ കാറ്റ് പോലെ ഒരു മറുപടി ടീ കെ ഹരിസ്ക്ക യില്‍ നിന്നും " നല്ല വെയിലല്ലേ തനിയെ വന്നതായിരിക്കും" ... അതിനു തുടര്‍ച്ചയായി കുറച്ചു സഹാപടികള്‍ " കഴിഞ്ഞ വര്‍ഷവും ഇതു പോലെ തീ ഉണ്ടായിട്ടുണ്ട് " അപ്പോഴാണ്‌ എന്‍റെ മനസ്സില്‍ ഒരു ആശ്വാസം വീണത്‌.... നമ്മള്‍ നാലു പേരും പരസ്പരം നോക്കുന്നുണ്ടായിരുന്നു ഉള്ളില്‍ ഭയവും ഒരല്‍പം ചിരിയോടും കൂടി... ഏതായാലും കാട് പിടിച്ചു കിടന്ന ആ സ്ഥലം വളരെ വൃത്തി ആയി .............

പ്രിന്സിപളില്‍ നിന്നും വീണ്ടും ഉത്തരവ് മതി മതി എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയികോളൂ .......

ഞാന്‍ ഇതു കേള്‍ക്കണ്ട താമസം കാന്റീന്‍ ലേക്ക് പോയി " ജാനുഏടത്തി ഒരു ചായ വേണം സ്ട്രോങ്ങിലയികൊട്ടെ " അപ്പൊ അടുക്കളയില്‍ നിന്നും" ഡാ പാലില്ല ... കട്ടന്‍ മതിയോ" എന്ന് ഞാന്‍ ഇതു കേട്ട് അടുക്കളയില്‍ ചെന്നപ്പോള്‍ അതാ നമ്മുടെ പ്രതി ( തീ ഇട്ടവന്‍) അവടെ ഇരുന്നു വീണ്ടും പുകക്കുന്നു .................. ഒരു കൂസലും ഇല്ലാതെ................................


.post from

MUHAMMED SHAFEEQUE
http://shafeekpayeth.blogspot.com/
.

Monday, March 15, 2010

ഇന്നാട്ടുകാര്‍ക്ക് പെരാന്താ

.
ങ്ങനെ ഞമ്മളെ കോയിക്കോട്ടെ സാഗരിലും കേമറ പിടിച്ചു....

ഏടുന്നാ പിടിച്ചെന്നോ....??? ഇങ്ങളിതേത് ദുനിയാവിലാ....??? പറയേണ് കൊറവാ... എന്നാലും പറഞ്ഞില്ലേല്‍ മോശേല്ലേ...


നല്ലൊന്നാന്തരം ഓട്ടലാന്നു പറഞ്ഞിട്ടോ.... നല്ല ഒന്നാം നമ്പര്‍ ബിരിയാണി കിട്ടും എന്ന് പറഞ്ഞിട്ടോ എനി ആരെങ്കിലും ആടുത്തെ മൂത്ര ചോളീല്‍ പോവ്വോ ....???? അതും പെണ്ണുങ്ങളുടെ മൂത്രപൊരേല്‍...

കോയിക്കോട്ട്‌ ഒരു പ്രാവശ്യമെങ്കിലും ബന്നിട്ടുള്ള എല്ലാരും സഗരോട്ടലിന്റെ ബിരിയാണീം.... പോരാട്ടേം.. ചിക്കനും ...... പോട്ടെ ... ചോറും അയക്കൂറ പോരിച്ചതെങ്കിലും തിന്നട്ടിണ്ടാവും..... അല്ലെങ്കില്‍ ആട്‌ന്നു ഒന്നും ത്ന്നാത്ത ആരെന്കിലുണ്ടാവ്വോ കൊയികൊട്ട് പോയോല്?? അറിഞ്ഞൂട ബാപ്പ... എന്തായാലും ഞാളും ത്‌ന്നിട്ടുണ്ട് ഇപ്പരഞ്ഞെല്ലോം.... ബിരിയാണി ആയും പൊറോട്ടയും ചിക്കനും ആയും... ചോറും അയക്കൂറ പോരിച്ചതുമായും എല്ലോം....

ആയിനെക്കളെല്ലോം നല്ല പെരുമാറ്റായിരുന്നു ആടയ്ള്ള പണിക്കാര്‍ക്കും മാനേജ്മെന്റിനും എല്ലോം.... ശാപ്പാട് വയര്‍ നറയെ കയിച്ചിട്ടു പോയി കമ്പ്ലെന്ടു പറഞ്ഞാല്‍ പൈശ ബാങ്ങാണ്ട് ബേറെ ഏതെങ്കിലും ഒട്ടല്‍ന്നു ബിട്ഓ???? അഥവാ ബിടുന്നുന്ടെങ്കി തെന്നെ രണ്ടു ദിബസം ആട്തെ മുയുമന്‍ പണീം എട്പ്പിക്കില്ലേ... പക്കേങ്കില്‍ ഇബ്ട അങ്ങനത്തെ ഒരു കൊയപ്പോം ഇല്ലെര്‍ന്നു... ശാപ്പാടിന്നു എന്തെകിലും ഒരു പ്രശ്നം പറഞ്ഞാല്‍ മാപ്പ് പരച്ച്ലായി... മൊതലാളി ബരെ ബന്നു മാപ്പ് പറയും ബെനെങ്കില്‍... അത്രയ്ക്ക് ഡീസണ്ട്.....

കോയിക്കോട് ആശൂത്രീല്‍ ബന്നാലും...... ബീമാന താവളത്തിലേക്ക് ബന്നാലും...( അത് കൊണ്ടാക്കാനാനെങ്കില്‍ സങ്കടം മാറേനും... കൂട്ടി കൊണ്ടെരുമ്മോ സന്തോശിക്കേനും.....) സാഗരോട്ടലില്‍ ഒറപ്പായിട്ടും കേരുവേനും... അബ്ടെ എത്തിയാല്‍ ഒന്ന് മൂത്രോയിച്ച്..... ഒന്ന് മുഖോം കയ്കി... ഒന്ന് ഫ്രെശാവേനും....

പക്കേങ്കില്‍.... ഇപ്പ എന്തായി... മാനക്കേടായി...ആരിക്ക്‌...... ഓട്ടല്കാര്‍ക്കും മൂത്രോയിചോര്‍ക്കും...

കൊയപ്പം മൊത്തം ഇന്ടാക്ക്യോന്‍ താല്ക്കാലികനാനെന്നു ഒട്ടല്‍കാര്.... ആരായാലും അടിച്ചു പോളിക്കെടാന്നു പാര്ട്ടിക്കാര്...

എന്തായാലും ഇനിയിപ്പം ഓട്ടലില്‍ കേറുന്ന ആള്‍ക്കാരുടെ നെഞ്ചത്ത് ദഫ്ഫുമുട്ടായിരിക്കും... പ്രത്യേകിച്ചും പെണ്ണുങ്ങളുടെ.... എങ്ങനയാ പടച്ചോനെ ധൈര്യത്തോടെ ഒന്ന് മൂത്രോയിക്കുക... നാളെ അത് ഇന്‍റര്‍നെറ്റില്‍ ബരൂല്ല എന്ന് എന്താ ഇത്ര ഒറപ്പ്...

സാഗരോട്ടലിലേന്നല്ല കോയിക്കോട്ടെ ഒരൊറ്റ ഓട്ടലിലും ഇനിമുതല്‍ ധൈര്യത്തോടെ എങ്ങനെ പോവും... ഇല്ലെങ്കില്‍ എന്തിനു കോയിക്കോട്... ഈ ബൂമിമലയാളത്തില് എടെയാ ഒന്ന് ധൈര്യപ്പെട്ടു പോവുക... കുപ്പായോം ബ്ലൌസും ഒന്ന് കൊറച്ചു പൊന്തി പോയാല് അബ്ടെയും ബെക്കൂലെ പുള്ളേ കേമറ..

പോന്നു പെങ്ങമ്മാരെ മൂത്രോയിചിട്ടില്ലെങ്കില്‍ ബ്ലാടെര്‍ പൊട്ടി പോവൂന്നെ ഉള്ളൂ... മാനം പോവൂല്ല.... ഇങ്ങള് സൂക്ഷിച്ചാല്‍ ഇങ്ങക്ക് കൊള്ളാം... പുതിയ കുപ്പായം മാങ്ങിയാല് പൊരേല്‍ കൊണ്ടെന്നിട്ടു ഇട്ടു നോക്കിക്കോ... പീടിയെന്റെ ഉള്ളിലെ കണ്ണാടിക്കൂട്... അതും ഒരൊന്നൊന്നര കൂട് തന്നെയാ...കതകളെല്ലോം ഇങ്ങള്‍ പേപരില്‍ കാണുന്നുണ്ടല്ലോ...

പിന്നെ ബെരുമൊരു സാഗരോട്ടല്കാര് മാത്രം ശ്രദ്ധിക്കേണ്ട കാര്യമല്ല ഇതു... കോയിക്കോട് ഒരുപാടു ഓട്ടല്കളുണ്ട് നാടുകാരുടെ നാവിനും മനസ്സിനുമരിയുന്നതായിട്ട്.... കോയിക്കോട്ടെ തക്കാരം ഭയങ്കരം തന്നെയാ... കൊയിക്കൊട്ടുകാരുടെ തീറ്റയും... പണ്ടൊരു കൊയിക്കൊട്ടുകാരന്‍ നേതാവ് പറഞ്ഞത് പോലെ ഞമ്മക്ക് സഹനവും ദഹനവും കൂടുതലാണ്.. പക്കേങ്കില് ഞമ്മളെ പെണ്ണുങ്ങമ്മാരെടുത്തു ബാണ്ടാത്തത് കളിച്ചാ.... അള്ളാണെ കൂറെ..... അന്റെ കാര്യം ഞമ്മളങ്ങ് സലാമാത്താക്കും...

നടക്കാവിലെ എസ് ഐ എല്ല ആയിന്ടപ്പരം ബന്നാലും...

ഇപ്പൊ ഓട്ടല്‍കാര് മാപ്പ് പറഞ്ഞു...പ്രശ്നം എങ്ങിനെയെങ്കിലും തീര്‍ക്കാനാ പ്ലാനെന്നാ കേള്‍ക്കുന്നേ... പക്കെങ്ങ്കില്‍ ഇങ്ങനത്തെ സൂക്കേടുള്ളോനെ ഞാളെന്താ ചെയ്യണ്ടേ???... അതും കൂടി ഇങ്ങോട്ട് പറഞ്ഞു തന്നോളി...

ആരെയാന്നാ...... ഈ കേമറ മേനോനെ... ഇബന്റെയൊക്കെ ചില ഭാഗങ്ങള് അങ്ങ് ബെട്ടികളയന്ടെ.... ഏതോ ഒര് കോയിക്കോടന്‍ സിലിമേല്‍ കണ്ട മാതിരി... സ്വന്തം പോരെലെ കക്കൂസിലും ഇബനോക്കെ കേമറ ബെക്കൂല എന്നാരാ കണ്ടത്...

പോന്നു ചങ്ങായിമാരെ..... കംപൂടരില്‍ നല്ല ചൂടന്‍ സീനും തപ്പി നടക്കുമ്പോള്‍ സൂചിച്ചോ.....സൊന്തം പോരക്കാരുടെ ഒന്നും കാണല്ലേ എന്ന് നന്നായി ദുഅ ഇരന്നോ...

ഈ പെരാന്ത് മാറ്റാണ്ട് ഈ നാട് നന്നാവൂല...ഒരിക്കലും നന്നാവൂല... പണ്ട് ഞാളെ സാമി പറഞ്ഞത് ശെരി തെന്ന്യാ..

ഇന്നാട്ടുകാര്‍ക്ക് പെരാന്താ ... മൂപ്പര് അത്രയേ പറഞ്ഞുള്ളൂ...പക്കേങ്കില്‍ പെരാന്തെന്നു പറഞ്ഞാല്‍ ശരിയായ നല്ല കാമ പെരാന്ത് തന്നെയാ ...പോരായിറ്റ് ഇപ്പൊ നല്ല കാമറ പെരാന്തും...


..

അക്ബര്‍ മാഷ് പടിയിറങ്ങുന്നു

from "Madhyamam"
Saturday, March 13, 2010

ട്ടോളി: മാര്‍ച്ച് വിരഹത്തിന്റെ നിലവിളിയാണ്. വട്ടോളി നാഷനല്‍ ഹൈസ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ മാര്‍ച്ച് വേര്‍പിരിയലിന്റെ ഒടുങ്ങാത്ത നൊമ്പരമാകുന്നു. അവരുടെ പ്രിയപ്പെട്ട അക്ബര്‍ മാഷ് മാര്‍ച്ച് 31ന് അധ്യാപന ജീവിതത്തില്‍നിന്ന് പടിയിറങ്ങുകയാണ്.

'ങ്ങള് കഥേല് ഞാളേപറ്റീം എഴുതി... ല്ലേ...' എന്ന് വിദ്യാര്‍ഥികള്‍ക്കിനി പരിഭവം പറയാന്‍ അക്ബര്‍ കക്കട്ടില്‍ വട്ടോളി സ്കൂളിലെ ഗുല്‍മോഹര്‍ തണലിലുണ്ടാവില്ല. എ.കെ.ബി സ്റ്റാഫ് സെക്രട്ടറി അല്ലാത്ത സ്കൂള്‍ കാലത്തെ കുറിച്ച് അധ്യാപകര്‍ക്കും ഓര്‍ക്കാനാവുന്നില്ല.
1980 ജൂലൈ 30ലെ മഴ നനഞ്ഞ പ്രഭാതത്തിലാണ് 26 കാരനായ കക്കട്ടില്‍ അബ്ദുല്ലയുടെയും കുഞ്ഞാമിനയുടെയും മകന്‍ അക്ബര്‍ വട്ടോളി നാഷനലിന്റെ പടി കടന്നെത്തിയത്. ഹൈസ്കൂള്‍ കാലത്ത് മലയാളം പഠിക്കാതെ സംസ്കൃതം പഠിച്ച അക്ബറിന് മലയാളം വാധ്യാരുടെ വേഷമായിരുന്നു കാലം കാത്തുവെച്ചത്. അക്ഷരക്കൂട്ടങ്ങളുടെയും നിഷ്കളങ്ക മുഖങ്ങളുടെയും നടുവില്‍ ഇതാണ് നിയോഗമെന്ന് മാഷും തിരിച്ചറിഞ്ഞു. അപ്പോഴേക്കും കഥ എഴുതുന്ന മാഷിന്റെ പേര് കേരളത്തില്‍ പരിചിതമായി കഴിഞ്ഞിരുന്നു. നാലു വര്‍ഷത്തിന് ശേഷം കുറ്റ്യാടി ഗവ. എച്ച്.എസിലേക്ക് കൂടുമാറി. പിന്നീട് എട്ടു വര്‍ഷത്തോളം കൂത്താളി ഹൈസ്കൂള്‍, കോട്ടയം പായിപ്പാട്ട് നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ ജോലി നോക്കിയ ശേഷം 1992 ഡിസംബര്‍ ഒന്നിന് തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി; വട്ടോളി നാഷനലിലെ ഗുല്‍മോഹര്‍, വെങ്കണ മരങ്ങള്‍ വീണ്ടും തളിര്‍ത്തു.

അക്ബര്‍ കക്കട്ടിലിന്റെ സര്‍വീസ് സ്റ്റോറി കഥയുടെ ചിറകു വിടര്‍ത്തി മലയാളിയുടെ അക്ഷര ലോകത്ത് നൈര്‍മല്യം പരത്തിയിട്ടുണ്ട്. 'അധ്യാപക കഥകള്‍' എന്ന സമാഹാരത്തിലെ 'ഇനി നമുക്ക് റഷീദയെ കുറിച്ച് സംസാരിക്കാം' എന്ന കഥ അനുഭവ സ്പര്‍ശം കൊണ്ട് കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു.
റഷീദ എന്ന കഥാപാത്രം തന്റെ രണ്ട് വിദ്യാര്‍ഥിനികള്‍ ചേര്‍ന്നതാണെന്ന് കഥാകൃത്ത് വെളിപ്പെടുത്തുന്നു. പക്ഷേ, കഥയിലെ തിയറ്ററിലെ കൂടിക്കാണലൊക്കെ ഭാവനയാണ്. കഥ പ്രസിദ്ധീകരിച്ച ശേഷം യഥാര്‍ഥ റഷീദയെ കഥാകൃത്ത് നേരിട്ടപ്പോള്‍ ഇങ്ങനെയൊരു സംഭാഷണം നടന്നു.
റഷീദ: മാഷ്... ന്നെ പറ്റി കഥയെഴുതി ല്ലേ...?
കഥാകൃത്ത്: അത് നീയാണെന്ന് നിനക്കെന്താത്ര ഉറപ്പ്?
റഷീദ: മാഷ്ക്ക് ഉറപ്പുണ്ടല്ലോ. നിക്ക്... അതു മതി!
അടുത്തിടെ 'ഗുളിക വിഴുങ്ങുന്ന കുട്ടികള്‍' എന്ന തലക്കെട്ടില്‍ എഴുതിയ അധ്യാപന അനുഭവ ലേഖനം അതിവേഗതയുടെ കാലത്ത് ഒരു വിഭാഗം കുട്ടികള്‍ക്ക് വന്ന അപഭ്രംശമാണെന്ന് അക്ബര്‍ കക്കട്ടില്‍ വിശദീകരിക്കുന്നു.

അധ്യാപകന്‍ വടിയെടുക്കരുത് എന്ന പുതു പ്രമാണത്തോട് ഈ സ്നേഹാധ്യാപകന്‍ പൂര്‍ണമായും യോജിക്കുന്നില്ല. തല്ലി നന്നായ കുട്ടികളുമുണ്ട്. കുട്ടികളെ സ്നേഹം കൊണ്ട് തല്ലുന്ന വിദ്യ അധ്യാപകന്‍ അറിയണമെന്നു മാത്രം.
മലയാള സാഹിത്യ ലോകത്തെ വടക്കുനിന്നുള്ള കുടുംബവൃത്താന്തക്കാരന് ഇപ്പോഴേ സാഹിത്യ ലോകത്ത് നിന്നും പത്രപ്രസിദ്ധീകരണ രംഗത്ത് നിന്നും ധാരാളം ഓഫറുകളുണ്ട്. കുറച്ച് സമയമെടുത്ത് വിശ്രമിച്ച ശേഷം തീരുമാനമെടുക്കാനാണ് പരിപാടി.
'സര്‍വീസ് സ്റ്റോറിയും ഓര്‍മ... അനുഭവം.. യാത്ര..' എന്നീ അനുഭവ പശ്ചാത്തലമുള്ള രചനകളും ഉടന്‍ പുസ്തകമാക്കി ഇറങ്ങുന്നു.
30 കൊല്ലത്തെ അധ്യാപന ജീവിതത്തില്‍ 21 കൊല്ലവും ആറു മാസവും 11 ദിവസവും ജോലി ചെയ്ത (ചെയ്യുന്ന) വട്ടോളി നാഷനലില്‍ അത്രയും കാലം എ.കെ.ബി തന്നെയായിരുന്നു സ്റ്റാഫ് സെക്രട്ടറി.
ഈ 31ന് കൂടെ വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ശ്രീധരന്‍ ഡെപ്യൂട്ടി എച്ച്.എം ജനാര്‍ദനന്‍ എന്നിവര്‍ക്കുമായി ഗംഭീര യാത്രയയപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും
.
.

Sunday, March 14, 2010

To my better half…….

.

I was shivering when we met alone at first
I was seeing you in new eyes n heart
I was breathing a new smell of love
I started loving you when our eyes first met
That was the day when we met for the first

Every second we had spend together
You hold me close through the stormy weather
Now, I miss you with all my heart
But, we will only be physically apart

I wake up day by day n hope I breathing
My heart sings to keep you from ever leaving

Keep me safe when I sleep
touch me Kiss me,
Clasp me for ever
With the hands of your lovely heart

I showed you that my love is true
I told the words to you were not cue
I won’t to know love coz’ I know you
I won’t anything coz’ I got you through.
.

Tuesday, March 9, 2010

Sunday, March 7, 2010

For the girl, who was once my……… lover

.These lines are for you my dear,
The one who is not dear to me now, but
The one who was the dearest for me then and
The one whom I cherished than my life…


I tried to love you in all my life
I tried to love you in all my breath
I tried to love you with all my truth
I never tried to cheat you at any site …


Why did I worry that you don’t love me??
Why did I believe that I needed you to be complete??
I was so tired of all those nonsense...
Without you I can finally feel my heart beat


Despite of all you threw to my face
I never budged and I stayed in my word...
what you flummoxed always in fights??
I'm not losing sleep over you tonight...


Your words are going to choke you at the end
I'm better than I ever was, I didn't need time to mend
you said I was nothing without you...
I wonder what you'd say if you knew what I‘m now...


I'm trying to remember every chat we ever had
just to feel whole again like nothing ever happened
and to forget n forgive all those sillies.
But now I understand the real love…


Love cannot be lost
As it cannot be gained
It can only be shared
Shared, shared n shared…

Friday, March 5, 2010

ഏകാന്ത ഹൃദയം


ധൃതിയില്‍ ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോളും മനസ്സില്‍ ഒരൊറ്റ പ്രാര്തനയായിരുന്നു,ഇന്നെങ്കിലും അവന്‍ ഓണ്‍ലൈനില്‍ ഉണ്ടാകണേ..അല്ലെങ്കില്‍ ഒരു മെയില്‍ എങ്കിലും.ഇന്നേക്ക് ഒരാഴ്ചയായി.. എന്ത് പറ്റിയതായിരിക്കും???എന്തെങ്കിലും അപകടം?? വേണ്ട, വേണ്ടാത്തതൊന്നും ചിന്തിക്കണ്ട..ഇനി തന്നെ അവന്‍ മനപൂര്‍വം അവഗണിക്കുകയാണോ??? ഇന്ന് ക്ലാസ്സില്‍ ഇരുന്നെന്നേ ഉള്ളു.. ഒന്നും ശ്രദ്ദിക്കാന്‍ പറ്റിയില്ല. ലഞ്ച് ടൈമില്‍ ടിനു വന്നു ചോദിച്ചു, എന്താടോ ഒരു വല്ലായ്ക?
"ഹേയ്,ഒന്നുമില്ല..." ഒഴിന്നു മാറാന്‍ ശ്രമിച്ചു.
"ഋത്വിക് ഇത് വരെ വിളിച്ചില്ലേ തന്നെ???"
"ഇല്ല..."
"അവനിപ്പോ സ്റെട്ട്സില്‍ എത്തിയില്ലേ ...ഇനി നമ്മളെയൊക്കെ എവിടെയോര്‍ക്കാന്‍???"
"അതൊന്നുമാല്ലെടോ, ഒരു തലവേദന,അത്രേ ഉല്ലൂ.. " അവള്‍ വിശ്വസിചെന്നു തോന്നി.
അവളെങ്കിലും ഉണ്ടല്ലോ തന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍..അവളും തന്നെ പോലെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോളും..

"പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ളവള്‍" സഹപാടികളും അധ്യാപകരും തനിക്കു ചാര്‍ത്തി തന്ന വിശേഷണം.. ആ പ്രയോഗം ഓര്‍ത്തപ്പോള്‍ തന്നെ ചിരി വന്നു. ശരിയാണ്. ജീവിതത്തില്‍ വിരലിലെണ്ണാവുന്ന സുഹ്ര്തുക്കളെ തനിക്കുണ്ടായിരുന്നുളൂ. പത്തു വയസ്സ് വരെ ഒരിടത്തും ഉറച്ചു നിന്നതായി ഓര്‍മയില്ല. പപ്പയുടെ സ്ഥലം മാറ്റങ്ങള്‍ക് അനുസരിച്ചുള്ള സഞ്ചാരങ്ങള്‍.

പുസ്തകങ്ങള്‍ പ്രിയ തോഴരായത് പിന്നീടാണ്. പന്ത്രണ്ടാം പിറന്നാളിന് പപ്പയുടെ സമ്മാനം, മനോഹരമായി പൊതിഞ്ഞ ഒരു പുസ്തകം, "ആന്‍ ഫ്രാങ്കിന്റെ ഡയറി ക്കുരിപ്പുകള്‍".. അന്ന് മുതല്‍ വര്‍ഷങ്ങളോളം ആന്‍ ആയിരുന്നു പ്രിയപ്പെട്ട കൂട്ടുകാരി. ഹിറ്റ്‌ലറുടെ റിഹാബിലെഷന്‍ കാമ്പില്‍ അടയ്കപ്പെട്ട,വിടരും മുമ്പ് കൊഴിന്ന തന്റെ പ്രിയപ്പെട്ട ആന്‍. പിന്നീട് വായനയുടെ ലോകത്തേക്ക് ഒതുങ്ങിയതായിരുന്നു ജീവിതം. പുസ്തകങ്ങളിലൂടെ പിന്നീട് എത്രയെത്ര കൂട്ടുകാര്‍..ഈയടുത്ത കാലത്ത് വരെ വിര്‍ജീനിയ വൂള്‍ഫ് ആയിരുന്നു തന്റെ അടുത്ത കൂട്ടുകാരി. വിഷാദ ചവിയുള്ള കവിതകള്‍ എഴുതി വായനക്കാരുടെ മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിട്ട്,ഒടുവില്‍ ഒരു പ്രഹേളിക പോലെ തെംസ് നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് ജീവിതത്തിനു വിരാമം കുറിച്ച നിഗൂഡ വനിത.

റിത്വികിനെ ശ്രദ്ദിക്കാന്‍ തുടങ്ങിയതെപ്പോലായിരുന്നു?? വേഷത്തിലും പെരുമാറ്റത്തിലും കോപ്രായം കാണിക്കാത്ത ഒരൊതുങ്ങിയ ടൈപ്. ചോദ്യങ്ങള്കൊക്കെ ഒന്നോ രണ്ടോ വാകുകളില്‍ മറുപടി. ടിനുവാണ് അവനെപ്പറ്റി കൂടുതല്‍ പറഞ്ഞു തന്നത്. അമേരിക്കയിലുള്ള മാതാ പിതാക്കളെ വിട്ടു ഇവിടെ മുത്തഷിയോടൊപ്പം താമസം , ഇട്ടു മൂടാന്‍ സ്വത്തുള്ള തറവാടിലെ ഒരേയൊരു അനന്തരാവകാശി. പലപ്പോളും അവന്‍ തന്നെ ശ്രദ്ടിക്കുന്നുടെന്നു തോന്നിയിട്ടുണ്ട്.

ബോയ്സ് ആരുമില്ലാത്ത ഒരുച്ച നേരം, ലാസ്റ്റ് ബെഞ്ചില്‍ റിനിയുടെ മൊബൈലിനു വട്ടം കൂടിയിരിക്കുകയായിരുന്നു ഗേള്‍സ്‌ മുഴുവനും.ബ്ലൂ ടൂതില്‍ ഒഴുകിയെത്തിയ ഏതോ ഒരു ചൂടന്‍ ക്ലിപ്പ് ആണെന്നുറപ്പ് ആണ്. ക്ലാസ്സ്‌ ഉള്ള്പ്പോളും ഇല്ലാതപ്പോളും ബ്ലുടൂത് ഒന്ന് ഓണ്‍ ചെയ്തു വെച്ചാല്‍ മാത്രം മതി,എവിടെ നിന്നെന്നരിയാതെ ഒഴുകിയെത്തുന്ന രതി വൈകൃതങ്ങള്‍ അക്സപ്റ്റ് ചെയ്തു കൊടുക്കേണ്ട പണിയെ ഉള്ളു.

മുന്‍ ബെഞ്ചില്‍ തലേന്ന് വായിച്ചു തുടങ്ങിയ ഒരു നോവലില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു താന്‍. പെട്ടെന്നായിരുന്നു റിത്വിക്കിന്റെ വരവ്. പതിവിനു വിപരീതമായി അവന്‍ ഒന്ന് ചിരിച്ചു. താനും ചിരിച്ചെന്നു വരുത്തി.

"ടെസ്സ ഇപ്പോള്‍ ഓര്‍ക്കുട്ട് നോക്കാരില്ലേ???" തന്റെ ചോദ്യ ഭാവത്തിലുള്ള നോട്ടം കണ്ടു അവന്‍ തുടര്‍ന്നു. " റെസ്സയുടെതാനെന്നു തോന്നുന്നു, ഒരു പ്രൊഫൈലില്‍ നാന്‍ ഫ്രണ്ട് രിക്കസ്റ്റ് അയച്ചിരുന്നു, റെസ്പോന്‍സ്‌ ഒന്നും കണ്ടില്ല. "തന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം, അവന്‍ പിന്നീടൊന്നും പറയാതെ പിന്‍വാങ്ങി.

വെറുമൊരു കൌതുകത്തിനാണ് ഓര്‍കുട്ടില്‍ അക്കൗണ്ട്‌ ഉണ്ടാകിയത്. അതിലും ഏകാന്തത ആയിരുന്നു തനിക്കിഷ്ടം. തേടി വന്ന ഫ്രണ്ട് രിക്കസ്ടുകളൊക്കെ അവഗണിച്ചു. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കംമ്യുന്നിട്ടികളില്‍ മാത്രം ജോയിന്‍ ചെയ്തു.

അന്ന് വീട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്യുകയായിരുന്നു, ശരിയാണ്, അവന്റെ റിക്വസ്റ്റ് വന്നിട്ടുണ്ട്.ഇരുള് വീണു തുടങ്ങിയ ഒരു ദ്വീപില്‍ ദൂരെ കടലിന്റെ ആഴങ്ങളിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ ഫോട്ടോ,ഋത്വിക് ...ലോണ്‍ലിഹാര്‍ട്ട്‌, അതായിരുന്നു അവന്റെ പ്രൊഫൈല്‍ നെയിം.

എത്ര പെട്ടെന്നായിരുന്നു തങ്ങള്കിടയില്‍ സൌഹൃദം വളര്‍ന്നത്. സ്ക്രാപുകളില്‍ പ്രൈവസി കുറവാണെന്ന് പറഞ്ഞത് അവനാണ്. ഗൂഗിള്‍ ടോകില്‍ മണിക്കൂറുകളോളം നീളുന്ന ചാറ്റുകള്‍.തുടക്കത്തില്‍ കൂടുതലും ഫിലോസഫി പറയാനായിരുന്നു അവനു താല്പര്യം. പലതിലും തത്വമില്ലെന്നു പറഞ്ഞു പ്രകോപിപ്പിക്കാന്‍ നോക്കി.

 എല്ലാം അവനോടു തുറന്നു പറഞ്ഞു, കുട്ടിക്ക്കാലം മുതല്‍ അനുഭവിക്കുന്ന കടുത്ത എകാന്തതയെപ്പറ്റി, മധ്യ വയസ്സിനോടടുതിട്ടും അപഥ സഞ്ചാരത്തില്‍ ഏര്‍പ്പെടുന്ന മമ്മിയെ പ്പറ്റി, അയച്ചു തരുന്ന സമ്മാനങ്ങളില്‍ കൂടി മാത്രം മകളെ സ്നേഹിക്കുന്ന പപ്പയെ പറ്റി, എല്ലാം തുറന്നു പറഞ്ഞപ്പോള്‍ മഴ പെയ്തു തോര്‍ന്ന പ്രതീതിയായിരുന്നു. തന്റെ സാമീപ്യം അവനെയും സന്തോഷിപ്പിക്കുന്നുടെന്നു തോന്നി. ഇപ്പോള്‍ ഒറ്റപെട്ട ദ്വീപില്‍ രണ്ടു പേരുണ്ട്. ഒരാണും ഒരു പെണ്ണും.

ഒരു വൈകിയ രാത്രിയില്‍ അവന്‍ പറഞ്ഞു "ടെസ്സാ.. ഞാനിപ്പോള്‍ മനസ്സ് തുറന്നു ചിരിക്കാറുണ്ട്, എനിക്ക് പേടിയായിരുന്നു ഇതുവരെ, അപൂര്‍വമായി ഞാന്‍ സന്തോഷിച്ചപ്പോലോക്കെ അതിലും വലിയ ദുഃഖങ്ങള്‍ എന്നെ തേടി വന്നിട്ടുണ്ട്. "
അതെ ഋത്വിക്,ഇപ്പോള്‍ നാനും ചിരിക്കാറുണ്ട്, മനസ്സ് തുറന്നു, നീ കാരണം.
ടെസ്സാ,ഡാഡിയും മമ്മിയും അവിടെ ഏതോ കോളേജില്‍ അഡ്മിഷന്‍ ശരിയാക്കുന്നുന്ടെന്നു പറഞ്ഞു. "

"നീ പോകുമോ?? "

ഇല്ല, എനിക്ക് പോകാനാകില്ല...

സപ്പോസ്, പോകേണ്ടി വന്നാല്‍ നീയെന്നെ മറക്കുമോ?

നിന്നെ മറക്കാനോ??? അതിനെനിക്കാവുമെന്നു തോന്നുന്നുണ്ടോ??

ചിലപ്പോ മറന്നാലോ????

മരിച്ചെന്നു കരുതിയാല്‍ മതി...

പിന്നെയും മണിക്കൂറുകള്‍..വീക്ക്‌ എന്ട്സില്‍ പുലര്‍ച്ചെ വരെ നീളുന്ന ചാറ്റുകള്‍. പുസ്തകങ്ങളുമായി ഒരുപാട് അകന്നിരുന്നു. ..

ഒടുവില്‍ ഭയന്നതു തന്നെ സംഭവിച്ചു. കൂച്ച് വിലങ്ങിട്ട മനസ്സോടെ അമേരികയിലേക്ക് പോകാന്‍ അവനു സമ്മതിക്കേണ്ടി വന്നു.. വേദനയോടെ അവന്‍ പറഞ്ഞു "ടെസ്സ. ഒന്ന് കൊണ്ടും പേടിക്കണ്ട. രാജ്യങ്ങളുടെ അതിരുകള്‍ നമ്മുടെ ബന്ധത്തിന് ഒരിക്കലും തടസ്സമാകില്ല. ഇത് പോലെ നമുക്കെന്നും ചാറ്റ് ചെയ്യാം. എന്നിട്ടൊരു നാള്‍ ഞാന്‍ വരും,നിന്നെ സ്വന്തമാക്കാന്‍...

നിറഞ്ഞ കണ്നുകലോടെയാണ് അവനെ അവസാനമായി കണ്ടത്. ഒന്നും പറയാനുണ്ടായിരുന്നില്ല. മിഴിനീരില്‍ തൂകിയ മന്ദസ്മിതതാല്‍ അവനു യാത്രാ മൊഴി നേരുമ്പോള്‍ മനസ്സില്‍ ആരോ കൊളുത്തിട്ടു വലിക്കുന്ന പ്രതീതിയായിരുന്നു.
കാട് കയറിയ ചിന്തകള്‍ക്ക് വിരാമമായത് വീട്ടിനടുത് എത്തിയപ്പോളാണ്.

ഗേറ്റില്‍ എത്തിയപ്പോള്‍ തന്നെ മനസ്സിലായി മമ്മി വീട്ടിലുണ്ട്. പുറത്തു കാര്‍ കിടക്കുന്നു. മെല്ലെ ഡോര്‍ തുറന്നു അകത്തു കടന്നപോള്‍ സോഫയിലിരുന്നു ആരോടോ പതിഞ്ഞ ശബ്ദത്തില്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്ന മമ്മി ഒന്ന് നിശബ്ദമായി, അത് ശ്രദ്ദികാത്ത രീതിയില്‍ അകത്തേക്ക് കടന്നപ്പോളും മനസ്സ് വെറുതെ ചോദിച്ചു, ആരായിരിക്കും മറു തലയ്ക്കല്‍??? പപ്പയല്ലെന്നുരപ്പാണ്..അവര്‍ തമ്മിലൊന്നു മിണ്ടിയിട്ടു തന്നെ മാസങ്ങളോളമായി..പിന്നെ ആര്??? സകലതിനോടും തോന്നിയ വെറുപ്പ്‌ ,കയ്യിലിരുന്ന ബാഗ് ആഞ്ഞു നിലത്തെറിഞ്ഞു.വേഷം വരെ മാറാന്‍ നില്‍ക്കാതെ വേകം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. മനസ്സ് നിറയെ പ്രാര്‍ഥന ആയിരുന്നു ,അവന്റെ മെസ്സേജ് എന്തെങ്കിലും ഉണ്ടാകണേ...

ഇല്ല..ഇന്നും അവന്‍ നിരാശപ്പെടുത്തി..വല്ലാത്തൊരു ശൂന്യത പോലെ.എന്ത് ചെയ്യണമെന്നറിയാതെ കുറെ സമയം മോനിടരിലേക്ക് തന്നെ നോക്കിയിരുന്നു. അപ്പുറത്ത് മമ്മിയുടെ കുശുകുശുപ്പ് ഇപ്പോള്‍ കേള്‍ക്കാനില്ല. താന്‍ വന്നത് ഒരു പക്ഷെ ശല്യമായിക്കാണും..

കീബോര്‍ഡില്‍ പതിഞ്ഞ വിരലുകള്‍ക്ക് അനുസ്ര്തമായി മോനിടരില്‍ തെളിഞ്ഞു വന്ന അക്ഷരങ്ങള്‍ ഒന്ന് കൂടി വായിച്ചു..

ഹായ് ഋത്വിക്,
കാതങ്ങളുടെ ദൂരം നമുക്കിടയില്‍ പ്രശ്നമാകില്ലെന്നു പറഞ്ഞത് നീയാണ്.. ഒരാഴ്ച ഇപ്പോള്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രതീതിയാണ് നല്‍കിയത്. ജീവിക്കാനെ താല്പര്യമിലാതിരുന്ന എന്റെ മുമ്പില്‍ പ്രതീക്ഷയുടെ പച്ച തുരുത്തായത് നീയുമായുള്ള സൌഹൃദമാണ്. ഇന്ന് നീയെവിടെ??? എന്റെ കാത്തിരിപ്പ്‌ വ്യര്തമാവുകയാണോ? മറന്നു എന്നറിഞ്ഞാല്‍ മരിച്ചു എന്ന് കരുതാനും പറഞ്ഞത് നീയാണ്. നിന്നോട് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ, എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിയത്രി വിര്‍ജിനിയ ആണെന്ന്. ഇനിയും ഞാന്‍ കാത്തിരിക്കും,എത്ര കാലമെന്നറിയില്ല. എങ്കിലും ഒരു നാള്‍ നാനും വിര്‍ജിനിയയെ പോലെ.....
കാത്തിരിക്കുന്നു, ഒരുപാട് പ്രതീക്ഷയോടെ നിന്റെ സ്വന്തം??? ടെസ്സ..
.
.
പ്രിയ സുഹൃത്തുക്കളെ...കഴിഞ്ഞ ചില പോസ്റ്റുകളിലെ കമന്റുകള്‍ പല രീതിയിലും പലരെയും വ്യക്തി പരമായി വിഷമിപ്പിച്ചതിനാല്‍ ഇനി മുതല്‍ ശ്വാസത്തില്‍ കമന്റുകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനു ചില നിബന്ധനകള്‍ വയ്ക്കുകയാണ്.


യഥാര്‍ത്ഥ പേരുകളില്‍ ചെയ്യുന്ന കമന്റുകളും പോസ്റ്റുകളും മാത്രമേ ഇനി മുതല്‍ ശ്വാസത്തില്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. ആയതിനാല്‍ നിങ്ങളുടെ കമന്റുകള്‍ക്ക് മുമ്പ് സ്വയം പരിചയപ്പെടുത്തുന്ന  ഒരു കമന്റ് അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (യഥാര്‍ത്ഥ നാമം , കോളേജില്‍ പഠിച്ച കോഴ്സ് , പഠിച്ച വര്ഷം, ഇ മെയില്‍ ഐ ഡി , മൊബൈല്‍ നമ്പര്‍ , ഇപ്പോഴുള്ള സ്ഥലം... എന്നിവ നിര്‍ബന്ധമായും വ്യക്തമാക്കണം.).


യഥാര്‍ത്ഥ നാമത്തില്‍ ഉള്ള കമന്റുകള്‍ എന്ത് തന്നെയായാലും അത് പോസ്റ്റു ചെയ്യുകയും അവര്‍ക്ക് ആവശ്യമെങ്കില്‍ ഡയറക്റ്റ് പോസ്റ്റ്‌ ചെയ്യാനുള്ള ലിങ്കുകള്‍ അയച്ചു തരുന്നതുമാണ്.


അങ്ങിനെയുള്ളതല്ലാത്ത ഒരു കമന്റു പോലും ഇനി മുതല്‍ പ്രസിദ്ധീകരിക്കുകയില്ലെന്നും  ... ആയതിനാല്‍ എല്ലാവരും സഹകരിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..


സ്നേഹപൂര്‍വ്വം.....മോഡറേറ്റര്‍.
"ശ്വാസം - the breath"
an online magazine from nam college kallikkandy.
.

Wednesday, March 3, 2010

"ശ്വാസം" കൂടുതല്‍ മെമ്പര്‍മാരെ തേടുന്നു...

.
പ്രിയരേ...


ഏവര്‍ക്കും അറിയുന്നത് പോലെ "ശ്വാസം" 8500 സന്ദര്‍ശകര്‍ എന്ന ഒരു മഹത്തായ ഒരു നാഴിക കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇതിനു പിറകില്‍ അവിശ്രമം പ്രവര്‍ത്തിക്കുന്ന ഒരു ടീമിന്റെ വിജയമാണ് ഇതെന്ന് സമ്മതിക്കാതെ വയ്യ. മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍. അതെ സമയം ഈ ഒരു ഓണ്‍ ലൈന്‍ മാഗസിന്‍ എന്ന ആശയം ഇനിയും ഒരുപാടു മുമ്പോട്ട്‌ പോകണം എന്നാണു ഏവരുടേയും ആഗ്രഹവും. അതിനായി ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ്‌ എന്ന രീതിയില്‍ വ്യത്യസ്തമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഏല്പിച്ചു കൊണ്ടു മുമ്പോട്ട്‌ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഇനിയും അധികം മെമ്പര്‍മാരെ ഉള്‍പ്പെടുത്ത്തുവാനുംഅവര്ക്കും വ്യത്യസ്തങ്ങളായ അധികാരാവകാശങ്ങള്‍ വീതിച്ചു നല്‍കുവാനും ശ്വാസത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ ശ്വാസത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന , എന്‍ എ എം കോളേജിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ത്തികളെയും ( കേരള... ബന്ഗ്ലൂര്‍.. യു എ ഈ ... ഖാത്തര്‍ തുടങ്ങി... എല്ലാ ചപ്റെരുകളില്‍ നിന്നും... ) ഇതിന്റെ ഭാഗഭാക്കാകുവാന്‍ ഞങ്ങള്‍ ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു ..


താല്പര്യമുള്ളവര്‍ ദയവു ചെയ്തു അവരുടെ പേരും ഡീ ടയില്സും അറിയിക്കുക..ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവന്‍ വിവരങ്ങളും മുന്‍പേജില്‍ തന്നെ പ്രസിധ്ധീകരിക്കുന്നതാണ്.അതോടൊപ്പം ശ്വാസത്തിന്റെ ഒരു പ്രിന്റഡ്‌ മാഗസിന്‍ രണ്ടായിരത്തിപത്തു ഡിസംബര്‍ മാസത്തോടു കൂടി ഒരു വാര്ഷിക പതിപ്പെന്ന നിലയില്‍ പ്രസിധ്ധീകരിക്കാനും ശ്രമിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും, എന്‍ എ എം കോളജ്‌ അധ്യാപക, അനധ്യാപകരുടേയും പൂര്‍വ്വ വിദ്യാര്തികളുടെയും സ്രഷ്ടികള്‍ ഉള്പ്പെടുത്ത്തികൊണ്ട്മുഴുവനായും കളര്‍ പേജുകളില്‍ പ്രിന്റു ചെയ്യാനുദ്ദേശിക്കുന്ന പ്രസ്തുത മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡും ഈ ഓണ്‍ലൈന്‍ മാഗസിന്റെ ടീം തന്നെയായിരിക്കും.

ഈ ഒരു ഉദ്യമത്തില്‍ ഏവരുടേയും വിലയേറിയ ഉപദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.
.