ലോക ക്ലാസ്സിക്കല്‍ തമിഴ് ഭാഷാ സമ്മേളനം കോയമ്പത്തൂരില്‍ തുടങ്ങി. ജൂണ്‍ 23 മുതല്‍ 27 വരെ നടക്കുന്ന സമ്മേളനം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. അവിനാശി റോഡിലുള്ള കൊഡിസ്സിയ വ്യാപാര കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്ന 4.40 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തല്‍ സമ്മേളനത്തിനെത്തുന്ന 50,000 പേര്‍ക്ക് ഇരിപ്പിടമൊരുക്കും. 4000 നിരീക്ഷകരും ഗവേഷണ പ്രബകര്‍ത്താക്കളും തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച ശേഷമുള്ള ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കും. 2004 ല്‍ ആണ് തമിഴിന് ക്ലാസിക്കല്‍ ഭാഷാ പദവി ലഭിച്ചത്. 1966 ല്‍ ക്വാലാലംപൂരില്‍ ആയിരുന്നു ആദ്യത്തെ തമിഴ് ഭാഷാ സമ്മേളനം നടന്നത്. പിന്നീട് 78 ല്‍ ചെന്നെയിലും, അതിന്നു ശേഷം പാരീസ് ജാഫ്ന,മധുര, ക്വാലാലംപൂര്‍, മൌരീഷ്യസ്, അവസാനം 95 ല്‍ തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളിലും തമിഴ് സമ്മേളനങ്ങള്‍ നടന്നു. അങ്ങിനെ നോക്കുമ്പോള്‍ ലോക ക്ലാസ്സിക്കല്‍ ഭാഷാ പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ സമ്മേളനമാനിപ്പോള്‍ നടക്കുന്നത്.നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷു സര്‍കാരിന്റെ മുമ്പില്‍ ക്ലാസ്സികല്‍ ഭാഷാ പദവിക്ക് വേണ്ടി ആവശ്യപ്പെട്ടു തുടങ്ങിയ ശ്രമമാണ് രണ്ടായിരത്തി നാലില്‍ തമിഴ് സമൂഹം വിജയം കണ്ടത്. അന്ന് അറബി, സംസ്കൃതം, പേര്‍ഷ്യന്‍ എന്നീ ഭാഷകള്‍ക്ക് മാത്രമായിരുന്നു ക്ലാസ്സിക് പടവിയുണ്ടായിരുന്നത് എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്. മലയാളമടക്കം പല പ്രാദേശിക ഭാഷകളും ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍ ആണു ഈ ഒരു ലോക ഭാഷാ സമ്മേളനം തമിഴ് ജനത നടത്തുന്നത് എന്നും എന്നും അറിയേണ്ടതുണ്ട്. അതെ പോലെ കോടികളാണ് തമിഴ്നാട് ഈ ഒരു ഭാഷ സമ്മേളനത്തിന്റെ പേരില്‍ തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിന്നും വേണ്ടി ചിലവഴിക്കുന്നത്.
നാല്പത്തി ഒമ്പത് രാജ്യങ്ങളില്‍ നിന്നും ആയിരത്തിലധികം പ്രതിനിധികളാണ് തമിഴ് ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനെത്തുന്നതും.ഇതിനു പുറമേ സാംസ്കാരിക പരിപാടികളും പൌരാണിക തമിഴ് സംസ്കൃതിയുടെ പ്രദര്‍ശനവും, ആയിരക്കണക്കിന് കലാകാരന്മാര് അണിനിരക്കുന്ന ഘോഷയാത്രയും തുടങ്ങി വളരെ വിപുലവും പൊതു ജന പങ്കാളിത്തം ഉറപ്പിക്കുന്നതുമായ വിവിധ പരിപാടികളാണ് ഈ ലോക ക്ലാസ്സിക്കല്‍ തമിഴ് ഭാഷാ സമ്മേളനത്തിന്റെ ഭാഗമായി സങ്കടിപ്പിക്കുന്നത്. ലോക പ്രശസ്ത സംഗീതജനനായ എ ആര് റഹ്മാന്റെ സംഗീത സംവിധാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴ് സാഹിത്യകാരനുമായ കലൈഞ്ജര്‍ എം കരുണാനിധിയുടെ വരികള്‍ ആണു ഈ സമ്മേളനത്തിന്റെ അവതരണ ഗാനം എന്നതും ശ്രദ്ധേയമാണ്.
മഹത്തായ ഭൂതകാലത്തിന്റെ ഉള്‍തുടിപ്പുകള്‍ കാത്തു സൂക്ഷിക്കുന്നതോടൊപ്പം വര്ത്തമാനത്തിന്നു വേണ്ടിയും ഭാവിക്ക് വേണ്ടിയുമുള്ള പല കാര്യങ്ങളും ഈ ഒരു സമ്മേളനത്തില്‍ തമിഴ്നാട് മുമ്പോട്ട് വെക്കുന്നുണ്ട്.സമ്മേളനത്തോടനുബന്ധിച്ചു തന്നെ തമിഴ് ഇന്റര്‍നെറ്റ് സമ്മേളനവും സങ്കടിപ്പിക്കുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഭാഷയെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ധേഷതോടെയാണ് ഈ ഇന്റര്‍നെറ്റ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചെന്നൈ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ കടകളുടെയും ബോര്‍ഡുകള്‍ തമിഴിലും എഴുതണം എന്ന നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്.അത്തെ പോലെ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന അമ്പതിലധികം റോഡുകള്‍ക്കും അവയുടെ ഇംഗ്ലീഷ് പേരുകള്‍ തമിഴിലേക്ക് മാറ്റാനുള്ള തീരുമാനവും നടപ്പില്‍ വരുത്തുന്നുണ്ട്.
അണ്ണാ സര്‍വകലാശാലയിലെ എന്ജിനീരിംഗ് അടക്കം പല കോര്സുകളും തമിഴ് മീഡിയത്തില്‍ തുടങ്ങാനുള്ള തീരുമാനവും ഇതോടൊപ്പം നടക്കുന്നു. ഇങ്ങിനെ തമിഴ് ഭാഷ എന്നത് ഓരോ തമിഴന്റെയും ഉള്ളില്‍ ഒരു അഭിമാനമായി ജ്വലിപ്പിക്കാനും ആ ഭാഷ എന്നെന്നും നിലനിര്‍ത്താനുമുള്ള ശ്രമങ്ങളാണ് തമിഴ്നാട് സര്‍കാരിന്റെ ഭാഗത്ത് നിന്നും വിശിഷ്യാ മുഖ്യമന്ത്രി എം കരുണാനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നതും.
ഇവിടെയാണ് നമ്മള് മലയാളികളുടെ ഭാഷാസ്നേഹവും ഭാഷാ സംസ്കാരവും ഒന്ന് പരിശോധിക്കേണ്ടതും. മലയാള ഭാഷയ്ക്ക് ക്ലാസ്സികല്‍ പദവി വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകത്ത് മലയാളിയുള്ളിടത്തൊക്കെ മലയാളഭാഷ പഠനം എന്ന ലകഷ്യത്തോടെ തുടങ്ങിയ മലയാളം മിഷന് ഉദ്ഘാടനം കഴിഞ്ഞോ എന്നു ചോദിച്ചാല്‍ കഴിഞ്ഞു എന്നല്ലാതെ വേറെ ഒന്നും ഇന്ന് വരെ സംഭവിച്ചിട്ടുമില്ല.അതിനായി ബജറ്റില്‍ വകയിരുത്തിയ കോടികള്‍ എവിടെപ്പോയ് എന്നും ആര്‍ക്കുമറിയില്ല. അത് പോലെ എന്ജിനീരിംഗ് എന്നല്ല എല്‍ കെ ജി മുതല്‍ മലയാളം പഠിപ്പിക്കാത്ത സ്കൂളുകള്‍ക്ക് മാത്രം വിദ്യാര്‍ത്തികളെ ചേര്‍ക്കുകയും മലയാളം മീഡിയം ഗവര്‍ന്മെന്റ് സ്കൂളുകളില്‍ പോലും ഇന്ഗ്ലിഷ് മീഡിയം എന്ന അവസ്ഥ വരുത്തുകയുമാണ് മലയാളി ചെയ്യുന്നത്.
മലയാളം നന്നായി എഴുതാനും വായിക്കാനും, എന്തിന് സംസാരിക്കാന്‍ പോലും പുതു തലമുറയിലെ എത്ര മലയാളികള്‍ക്ക് അറിയാം എന്നത് ഈ അവസരത്തില്‍ ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യവുമാണ്. എന്റെ മക്കള്‍ക്ക് മലയാളം അറിയില്ല എന്നു അഭിമാനത്തോടെ പറയുന്ന മലയാളിക്ക് എന്തു ക്ലാസ്സിക്കല്‍ മലയാളം എന്തു ലോക ഭാഷാ സമ്മേളനം??
മുമ്പ് പാണ്ടി എന്നും അണ്ണാച്ചി എന്നും പുച്ഛത്തോടെ തമിഴെനെ വിളിച്ച മലയാളി അവന്റെ ഭാഷാ സ്നേഹത്തെയും സംസ്കാരത്തെയും ആദരവോടെ കാണേണ്ട സമയമാണിത്. ഇങ്ങിനെ പലതും തമിഴനില്‍ നിന്നും മലയാളിക്ക് പഠിക്കാനുമുണ്ട്. അതേസമയം മലയാളി ആവശ്യമില്ലാത്ത പലതും തമിഴറെ അടുത്ത് നിന്നും പഠിച്ചിട്ടുണ്ട് . അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മലയാള സിനിമയില്‍ അടുത്തകാലത്തായി സംഭവിക്കുന്ന ഫാന്‍സ് അസോസിയേഷന് കോപ്രായങ്ങള്‍.
മലയാള സിനിമ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നിന്നും മാറി ഫാന്‍സ് അസ്സോസിയെഷന്നു വേണ്ടിയുള്ള വെറും തറ സിനിമകളായി മാറിയിരിക്കുക
യാണിന്ന്. സാധാരണ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കോപ്രായങ്ങളും അവതരണങ്ങളും കൊണ്ട് സമ്പന്നമായ ഇന്നത്തെ മലയാള സിനിമ പഴയ തമിഴ് സിനിമയുടെ നിലവാരത്തില്‍ നിന്നും താഴോട്ടു പോയിരിക്കുന്നു എന്നു പറയേണ്ടി വരും. അതേപോലെ സിനിമാ റിലീസ് ദിവസങ്ങളില്‍ ഫാന്‍സ് അസോസിയേഷന് കാണിക്കുന്ന കോപ്രായങ്ങളും മുമ്പ് പാണ്ടികളുടെ കളികള്‍ എന്നു പറഞ്ഞു പരിഹസിച്ചവരായിരുന്നു ഞങ്ങള്‍ മലയാളികള്‍.അതുപോലെ കഴിഞ്ഞ ആഴ്ചകളില്‍ ഒന്നില്‍ കേരളത്തിലെ ഒരു നേതാവിന്റെ അറസ്റ്റിനെ എതിര്‍ക്കാന്‍ അണികള്‍ നടത്തിയ ആത്മാഹുതി ശ്രമവും മലയാളി പഠിച്ചത് വ്യക്തി പൂജയിലധിഷ്ടിതമായ തമിഴ് രാഷ്ട്രീയ ശൈലിയില്‍ നിന്നും തന്നെയാണ്. നേരത്തെ തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ജനങ്ങള്‍ നേതാക്കന്മാരുടെ മരണങ്ങളിലും അറസ്റ്റുകളിലും വേദനയും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ ആത്മാഹുതി നടത്തുമ്പോള്‍ അതിനെ പുച്ച്ച ഭാവത്തോടെ നോക്കി കണ്ടിരുന്ന മലയാളി ഇന്ന് അത്തരം ബുദ്ധിയില്ലായ്മയും പ്രകടനാത്മകതയും സ്വന്തം പ്രവര്‍ത്തനങ്ങളായി ഏറ്റെടുക്കുകയാണ്. ഇങ്ങിനെ തമിഴന് ഒഴിവാക്കുന്ന വൃത്തികേടുകള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി അവരുടെ പ്രവര്‍ത്തനങ്ങളിലെ നല്ല വശങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്.
വാല്‍ക്കഷണം:
നേരത്തെ ഇവിടെ കമ്പനി താമസസ്ഥലത്ത് ഞങ്ങളുടെ റൂമില്‍ മൂന്നു പേരില്‍ ഞങ്ങള്‍ രണ്ടു മലയാളികളും ഒരാള്‍ തമിഴനുമായിരുന്നു. പക്ഷെ തമിഴ് നാട്ടുകാരനായ സുഹൃത്ത് നല്ല വെളുത്തു വെള്ളാരംകണ്ണൊക്കെയുള്ള സുന്ദരനും ഞങ്ങള്‍ രണ്ടു മലയാളികള്‍ സാമാന്യം കരുത്തവരുമായിരുന്നു. അത് കൊണ്ട് തന്നെ മലയാളിയായ എന്റെ കൂട്ടുകാരന് എന്നും തമാശയായി പറയും:" അവന് തമിഴനാനെന്നു ആരോടും പറയണ്ട കേട്ടോ. കാരണം അവനെയും ഞങ്ങളെയും കണ്ടാല്‍ ഞങ്ങള്‍ തമിഴ് നാട്ടുകാരും അവന് മലയാളിയുമാനെന്നു എല്ലാവരും കരുതും ". എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരുതുന്നത് എല്ലാരും അങ്ങിനെ തന്നെ കരുതിക്കോട്ടെ എന്നാണ്. തമിഴന്റെ ശരീര സൌന്ദര്യം കൊണ്ട് മാത്രമല്ല സ്വഭാവവും സംസ്കാരവും കൊണ്ട്.
.









