Sunday, January 3, 2010

മദ്യക്കുപ്പിയില്‍ വീണുപോയ കേരളം!

ദ്യപ കേരളം മുന്നോട്ട്’ എന്നാണ് സമീപകാലത്തെ കേരളത്തിലെ മദ്യവില്‍പ്പനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. മില്ലികളില്‍ തുടങ്ങി കുപ്പികള്‍ പോരാത്ത അവസ്ഥയിലെത്തിക്കുന്ന, മനുഷ്യരെ അടിമയാക്കുന്ന മദ്യപാന ശീലത്തിന് സമൂഹവും സര്‍ക്കാരും ഒരേ പോലെ പച്ചക്കൊടി കാട്ടുകയല്ലേ?

പുതുവത്സരത്തെ ‘ലഹരിയോടെ’ വരവേല്‍ക്കാനായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും മുതലാളിമാരും അടങ്ങുന്ന സമൂഹം കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലകളില്‍ ഒറ്റ ദിവസം ചെലവിട്ടത് 30 കോടി രൂപ! ഇത് പുതുവത്സരത്തലേന്നിന്റെ കണക്കാണെങ്കില്‍ ക്രിസ്തുമസിന്റെ തലേന്ന് വിറ്റഴിച്ചത് 28 കോടി രൂപയുടെ മദ്യമാണ്. തിരുവോണത്തലേന്നാവട്ടെ 34.13 കോടി രൂപയുടെ മദ്യമാണ് മലയാളി വാങ്ങിയത് അതായത്, ആഘോഷമേതായാലും മദ്യപാനം നടക്കണം!

ഈ കണക്കുകളെല്ലാം കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ! ഇതിനൊക്കെ പുറമെ കേരളത്തിലുള്ള 750 ഓളം ബാറുകളില്‍ നിന്നുള്ള മദ്യവും മലയാളികള്‍ തന്നെയാണ് കുടിക്കുന്നത്. പിന്നെ വ്യാജന്‍, കള്ളില്‍ മായം ചേര്‍ക്കുന്ന സ്പിരിറ്റ് അങ്ങനെ മറ്റൊരു വഴിക്കൂടെയും നമ്മള്‍ മദ്യവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അതൊക്കെ പോരാഞ്ഞ്, “നല്ല സാധനം കഴിക്കണമെങ്കില്‍ പട്ടാളം വേണം” എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന എത്രയോ മലയാളികളുണ്ട്! ഉത്സവവും വിശേഷവുമൊന്നും കണക്കാക്കാതെ വിമുക്തഭടന്മാരുടെ ക്വോട്ടാ കാത്ത് കഴിയുന്ന വലിയൊരു മദ്യപ വിഭാഗത്തെയും നമുക്ക് അവഗണിക്കാന്‍ കഴിയില്ല.അതായത്, മുമ്പ് വല്ലപ്പോഴും മാത്രം, അതും ഒതുക്കത്തില്‍ അല്‍പ്പം മദ്യം അകത്താക്കിയിരുന്ന മലയാളിക്ക് മദ്യത്തോടുള്ള സമീപനമേ മാറിപ്പോയി. എന്തിനേറെ, സിനിമയിലെ മദ്യപാനം വില്ലന്‍‌മാരുടെ മാത്രം കുത്തകയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നായകന്‍ ഫുള്‍ടൈം മദ്യപാനിയായി മദ്യക്കുപ്പിയെ വാഴ്ത്തുന്നത് നാം മോഹന്‍‌ലാല്‍ നായകനായ ഹലോ, ചോട്ടാമുംബൈ എന്നീ സിനിമകളില്‍ കണ്ടുകഴിഞ്ഞു.ഇപ്പോള്‍ സ്കൂള്‍ കുട്ടികളുടെ സ്വകാര്യ ആഘോഷങ്ങള്‍ക്ക് പോലും മദ്യം അവിഭാജ്യ ഘടകമാണ്. പരസ്യമായി ഇത്തരം ശീലങ്ങളെ എതിര്‍ക്കുന്ന അപൂര്‍വമാളുകള്‍ക്ക് കുട്ടികളില്‍ നിന്നല്ല വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും അവയുടെ രാഷ്ട്രീയ ശാഖകളില്‍ നിന്നും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വെല്ലുവിളി നല്‍കാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ മിനക്കെടേണ്ടി വരികയുമില്ല. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കോളജ് വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്ന മറ്റാളുകളുടെയും കാര്യം പറയേണ്ടതില്ലല്ലോ. മരണം, പ്രസവം, പെണ്ണുകാണല്‍, വിവാഹം അങ്ങനെ വിശേഷം എന്തുമായിക്കൊള്ളട്ടെ, വിഷയം സന്തോഷമോ സന്താപമോ ആവട്ടെ, മദ്യക്കുപ്പിമേലുള്ള മലയാളിയുടെ പിടി മുറുകകയേ ഉള്ളൂ.

കേരള സമൂഹത്തില്‍ മദ്യത്തിന് ഇപ്പോള്‍ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. മദ്യപിക്കാം, എന്നാല്‍ അളവ് വിടരുത് എന്ന് പറയുന്ന അമ്മമാരും ഭാര്യമാരും അച്ഛന്മാരും സഹോദരന്മാരും ഇന്ന് നമുക്ക് അന്യമല്ല. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പനവഴിയും അല്ലാതെയും സര്‍ക്കാരിന് ലഭിക്കുന്ന ഭീമമായ നികുതി തുക സമൂഹത്തിലെ മദ്യ മാന്യത ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയുമില്ല.അതായത്, ഒരു കുപ്പി മദ്യത്തിന് 200 ശതമാനത്തോളം വില്‍പ്പന നികുതിയാണ് നല്‍കേണ്ടി വരുന്നത്. ബിവറേജസ് വഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന റമ്മിന് യഥാര്‍ത്ഥത്തില്‍ 18-20 രൂപ വരെയാണ് ചെലവാകുന്നത്. റമ്മിലെ ശരാശരി മുന്തിയ ഇനത്തിന് 300 രൂപയും ഏറ്റവും കൂടിയ ഇനത്തിന് 800 രൂപയുമാണ് സര്‍ക്കാര്‍ വില. ഒരു കുപ്പി ബ്രാന്‍ഡി നിര്‍മ്മിക്കാ‍ന്‍ ശരാശരി 35 രൂ‍പ മാത്രം ചെലവിടുമ്പോള്‍ ഇതിന്‍ മദ്യപാനി നല്‍കേണ്ടി വരുന്നത് 750 രൂപ വരെയാണ്. വിസ്കി ഒരു കുപ്പി നിര്‍മ്മിക്കാന്‍ ശരാശരി 40 രൂപ മാത്രമാണ് ചെലവ്. ഇത് മദ്യപിക്കുന്നവരുടെ കൈകളില്‍ എത്തുമ്പോള്‍ 1500 രൂപ വരെ ചെലവാകും!അതായത്, കേരളത്തിലെ മദ്യപാന ശീലം ക്രിമിനല്‍ വാസന കൂട്ടുകയും സാമൂഹിക ബന്ധങ്ങളെ ശിഥിലമാക്കുകയും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്താലും സര്‍ക്കാരിന് വിഷമിക്കേണ്ടതില്ല. ഓരോ മദ്യക്കുപ്പിയും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍‌മുട്ടയിടുന്ന താ‍റാവാണ്.

No comments: