Monday, January 4, 2010

ഭൂതകാലത്തിലെ വര്‍ത്തമാനങ്ങള്‍

സമോവറായിരുന്നു സര്‍വ്വതിനും സാക്ഷി.ഫിഡല്‍കാസ്‌ട്രോയെ സി.ഐ.എ വിഷംകൊടുത്തുകൊല്ലാന്‍ ശ്രമിച്ചുവെന്നുപറഞ്ഞ് അമര്‍ഷംകൊണ്ടവര്‍ക്കരികെ അത് തിളച്ചുമറിഞ്ഞു.ബലാല്‍സംഗം ചായകുടി പോലെയാണെന്ന പ്രസ്താവനകേട്ടപ്പോള്‍ കടുപ്പത്തില്‍ തേയിലസഞ്ചിയിലേക്ക് തുപ്പി.മൂന്നുമക്കളുള്ളവള്‍ കറവക്കാരന്റെ കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് നിശ്വാസത്തിന്റെ നീരാവിയുതിര്‍ത്തു.രാവിലെയും വൈകിട്ടും നിവര്‍ത്തിവച്ച പത്രങ്ങള്‍ പോലെയായിരുന്നു ചായക്കടകള്‍.സ്‌ട്രോങ്ങിലും മീഡിയത്തിലും നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കപ്പെട്ട ചില്ലുഗ്ലാസ്സുകള്‍.അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ അയല്‍പക്കക്കാരന്‍ വരെയുള്ള ഇരകളുമായി പരദൂഷണപ്പരുന്തുകള്‍ പറന്നിറങ്ങിയ താഴ്‌വരകള്‍.ചായക്കടകളും കലുങ്കുകളും അമ്പലപ്പറമ്പുകളും ആല്‍ത്തറകളും നാട്ടിന്‍പുറത്തിന്റെ ഇരിപ്പുകേന്ദ്രങ്ങളായിരുന്നു.ഒത്തുചേരലിന്റെ ഠ വട്ടങ്ങള്‍.ലോകവൃത്താന്തങ്ങളുടെ ഏഴു ഭൂഖണ്ഡങ്ങളുമായി ഒരു ഗ്ലോബെന്നോണം ഈ നാട്ടുകൂട്ടങ്ങള്‍ കറങ്ങി.വിരുദ്ധവിഷയങ്ങളുടെ ധ്രുവങ്ങളെ ബന്ധിപ്പിക്കുന്ന അച്ചുതണ്ടായി അവിടെ മനുഷ്യര്‍ സംസാരിച്ചു.ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിച്ച അവിഹിതഗര്‍ഭങ്ങള്‍ വീര്‍ത്തു വന്നത് ഇവിടെയായിരുന്നു.നാട്ടിലെ എല്ലാ ജനനമരണങ്ങളും ആദ്യം ഈ സഭകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.എല്ലാ പ്രണയങ്ങളും തുറന്ന കത്തിലെപ്പോലെ പരസ്യമായി.വാര്‍ത്തകള്‍ അത്താഴവിഭവമാകുന്നതിനും മുമ്പ് ചായക്കടകളിലായിരുന്നു ന്യൂസ് അവറുകളുടെ സംപ്രേക്ഷണം.രാവിലെയായിരുന്നു ഏറ്റവും കടുപ്പമുള്ള ചര്‍ച്ചകള്‍.ആറരമണിയാകുമ്പോഴേക്ക് മരബഞ്ചുകള്‍ നിറയും.അതിഥികളായെത്തുന്നത് പതിവുകാര്‍.ഒരാള്‍ പത്രം നിവര്‍ത്തിപ്പിടിച്ചു.പുട്ടു വേവുന്നതിന്റേയും ദോശ ചുടുന്നതിന്റേയും ഗന്ധങ്ങള്‍ക്കിടയിലിരുന്ന് അയാള്‍ വാര്‍ത്തകള്‍ വായിച്ചുകൊണ്ടേയിരുന്നു. കേട്ടിരുന്നവര്‍ ചായക്കൊപ്പം അത് മൊത്തിക്കുടിച്ചു.ഇടയ്ക്കിടയ്ക്ക് തേങ്ങാപ്പീരയെന്നോണം അഭിപ്രായങ്ങളിട്ടു.അപ്പോള്‍ അവതാരകനെപ്പോലെ ചായക്കടക്കാരന്‍ ഇടപെടുമായിരുന്നു. ആകാശത്തുനിന്ന് ഒഴുക്കിക്കൊണ്ടുവരുന്നതെന്ന് തോന്നിപ്പിച്ച് ഉണ്ടാക്കിയെടുത്ത ചായക്കൊപ്പം അയാള്‍ സ്വന്തം നിലപാട് മറ്റുള്ളവര്‍ക്ക് മുന്നിലേക്ക് അടിച്ചേല്‍പ്പിച്ചു.ഇതിനിടയില്‍ ചില നിശബ്ദകാണികള്‍ തെളിഞ്ഞുവരുന്ന പുലര്‍കാലത്തിലേക്ക് അലസമായി ബീഡിപ്പുക ഊതിവിട്ടു.
.
രാഷ്ട്രീയമായിരുന്നു ചായക്കടകളിലെ ഏറ്റവും ചൂടുള്ള പലഹാരം. ഈ വിഷയത്തെ കടക്കാരന്റെ അനുമതിയില്ലാതെ എല്ലാവിധ തീവ്രതയോടെയും ചായകുടിക്കാനെത്തിയവര്‍ വറുത്തുകോരി.നേതാക്കന്മാരെ നിര്‍ത്തിപ്പൊരിച്ചു.കക്ഷത്തില്‍ ഡയറിയുമായി വന്ന് പരിപ്പുവടചോദിച്ച പഴയ സഖാക്കന്മാരും കഞ്ഞിമുക്കിയ ഖദറിന്റെ മൂര്‍ച്ചയില്‍ കാലിച്ചായ കടം പറഞ്ഞവരും സംഗമിച്ചിരുന്നത് ചായക്കടകളിലായിരുന്നു. അങ്ങനെ അവിടം പാവപ്പെട്ടവന്റെ പോളിറ്റ്ബ്യൂറോയും ഹൈക്കമാന്‍ഡുമായി.ഗ്ലാസ്സുകള്‍ ഉടയുകയും കടം പെരുകുകയും ചെയ്തപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രചാരമേറിയ മുന്നറിയിപ്പ് ഉണ്ടായി:ഇന്ന് രൊക്കം നാളെ കടം..രാഷ്ട്രീയം പറയരുത്..പക്ഷേ രാഷ്ട്രീയമില്ലാത്ത ചായക്കട പാലൊഴിക്കാത്ത ചായപോലെ നേര്‍ത്തുപോയി.അതുകൊണ്ടുതന്നെ വിലക്കുകളുടെ ചുവരെഴുത്തുകള്‍ അവഗണിക്കപ്പെട്ടു.
.
നാട്ടുവര്‍ത്തമാനങ്ങള്‍ പലപ്പോഴും രാഷ്ട്രീയഅവലോകനങ്ങളിലേക്കുള്ള വഴിത്താര മാത്രമായി.ഏതു വിഷയവും ചെന്ന് അവസാനിച്ചിരുന്നത് കൊടിപാറുന്ന കടവത്തുതന്നെ.ഇവിടെയാണ് ലോകം അന്നേവരെ അറിഞ്ഞിട്ടില്ലാത്ത പലരഹസ്യങ്ങളും വെളിപ്പെടുത്തപ്പെട്ടത്.പോളണ്ടിലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സീറ്റുപോയി എന്ന് ആദ്യമായി വിളിച്ചു പറഞ്ഞത് ബി.ബി.സിയല്ല ഏതോ ചായപ്പീടികയായിരുന്നു.കാറപകടത്തില്‍പെട്ട കെ.കരുണാകരന്റെ പെട്ടിക്കുള്ളില്‍ എന്തായിരുന്നുവെന്ന് അന്വേഷണം നടത്തി പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അവിടെത്തന്നെ.കാലം ഇന്നും മറക്കാത്ത എത്രയോ ഉപമകളും ചായക്കടച്ചര്‍ച്ചകള്‍ നമുക്ക് തന്നു.മലയാളിയുടെ ജീവിതത്തിന്റെ നാവിന്‍തുമ്പിലാണ് ചായക്കടകളുടെ സ്ഥാനം.പ്രപഞ്ചത്തിന്റെ ഏതുകോണില്‍ പോയാലും ഒരുചായകുടിക്കുമ്പോള്‍ അവന്‍ നാടിനെ ഓര്‍ത്തുപോകുന്നു.അപ്പോള്‍ കാലൊടിഞ്ഞ ഒരു ബഞ്ചും എണ്ണപുരണ്ട ചില്ലലമാരയും മനസ്സിലേക്കെത്തും.ഹൃദയത്തിലിരുന്ന് ഒരു പഴഞ്ചന്‍ റേഡിയോ പാടും.ഏതു ഗ്രാമത്തിനുമുണ്ടാകും സ്വന്തമായൊരു ചായക്കട. കുട്ടിക്കാലത്ത് പഴംപൊരികള്‍ കാണിച്ച് കൊതിപ്പിച്ച, വളര്‍ന്നപ്പോള്‍ ആദ്യത്തെ സിഗരറ്റിന് ആരുമറിയാതെ തീതന്ന ഒരിടം.ഒരു തവണയെങ്കിലും ചായക്കടയില്‍ ഇരുന്നതിന്റെ തഴമ്പില്ലാത്ത ആരെങ്കിലുമുണ്ടാകുമോ പ്രവാസിയായിട്ട്?ചന്ദ്രനിലെത്തിയ മലയാളിയെ സങ്കല്പിച്ചപ്പോള്‍ പോലും നമ്മള്‍ പശ്ചാത്തലമാക്കിയത് ചായപ്പീടികയെ ആയിരുന്നു.
.
ചായക്കടയില്‍ നിന്ന് കലുങ്കിലേക്കുള്ള ദൂരം കേവലം കാലടികളില്‍ ഒതുങ്ങുതല്ല.കാല്പനികഭാവമായിരുന്നു കലുങ്കുകള്‍ക്ക്.അതിനു മുകളിലിരിക്കാന്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേയുണ്ടാകൂ.അവര്‍ക്ക് പക്ഷേ ഒരു ഹൃദയമായിരുന്നു.ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇരിപ്പിടമായിരുന്നു കലുങ്കുകള്‍.അവിടെ പങ്കുവെയ്ക്കപ്പെട്ടത് സങ്കടങ്ങളും സങ്കല്പങ്ങളുമായിരുന്നു.കലുങ്കിനു മുകളിലെ കണ്ണുകള്‍ കാത്തിരുന്നത് ദൂരെ നിന്ന് നടന്നു വരുന്ന ഒരു ദാവണിനിറമായിരുന്നു.വൈകുന്നേരങ്ങളില്‍ മാത്രമുണരുന്ന നാലുമണിപ്പൂപോലെയായിരുന്നു കലുങ്കുകള്‍.അതിനു പിന്നില്‍ ആകാശം ചുവന്നു നിന്നു.അരികിലൂടെ കണ്ണീരുവണ്ണത്തില്‍ നീര്‍ച്ചാലൊഴുകി.വൈകുന്നേരവെയില്‍ മുന്നിലെ ചെമ്മണ്‍പാതയിലേക്ക് ചാഞ്ഞു വീണു.കലുങ്കിലിരുന്നവര്‍ക്കുമുണ്ടായിരുന്നു ഒരു വിഷാദഛായ.ഒന്നുകില്‍ ഒരു നോട്ടം തിരിച്ചുകിട്ടാത്തതിന്റെ അല്ലെങ്കില്‍ ഒന്നുമായിത്തീരാനാകാത്തതിന്റെ നിരാശ.അവള്‍ നടന്നു വരുമ്പോള്‍ കൂട്ടുകാര്‍ തോണ്ടി.അപ്പോള്‍ കലുങ്കില്‍ നിന്ന് അറിയാതെ മുന്നോട്ടായും.പാടത്തിനു നടുവില്‍ ഒരു പാവാട പാറി.അരികിലെത്തുമ്പോള്‍ ശരീരം വിറകൊണ്ടു.കൂടെയിരുന്നവര്‍ കളിപറഞ്ഞു.മിണ്ടാതെ, മുഖമുയര്‍ത്താതെ, ഒന്നു നോക്കുകകൂടി ചെയ്യാതെ നടന്നകന്നപ്പോള്‍ സാരമില്ലെടായെന്നവര്‍ സമാധാനിപ്പിച്ചു.എന്നെങ്കിലും ഒരു ചിരി തിരികെകിട്ടുന്ന ദിവസം കലുങ്കില്‍ നിന്നെഴുന്നേല്‍ക്കും.സൈക്കിള്‍ ഉന്തി ഒപ്പം നടക്കും.പിന്നെ അത് പതിവാകും.അപ്പോള്‍ കൂടെയിരുന്നവര്‍ കലുങ്കില്‍ ബാക്കിയാകും.അവര്‍ നാട്ടിലെ മറ്റു പെണ്‍കുട്ടികളെക്കുറിച്ച് സംസാരിക്കും.
.
ഇരുള്‍ വീണിട്ടും കലുങ്ക് വിട്ടുപോകാത്തവര്‍ തൊഴില്‍ രഹിതരായിരുന്നു.അവര്‍ക്ക് പറയാനുണ്ടായത് ഒരേ വേദനകളായിരുന്നു.വരാനിരിക്കുന്ന വിസകളെക്കുറിച്ചും അയക്കാനിരിക്കുന്ന അപേക്ഷകളെക്കുറിച്ചുമുള്ള സ്വപ്‌നങ്ങള്‍.വീട്ടിലേക്കു പോകാന്‍ അവര്‍ക്ക് മടിയായിരുന്നു.കാത്തിരിക്കുന്നത് അടച്ചുവച്ച ഒരു പ്ലേറ്റ് ചോറും കറിയുമെന്ന തിരിച്ചറിവ് വ്രണിതയൗവനങ്ങളെ പൊതിഞ്ഞുനിന്നു.അങ്ങനെയുള്ളവരുടെ അത്താണികളായിരുന്നു കലുങ്കുകള്‍.നൈരാശ്യത്തിന്റെ കൂരിരുട്ടില്‍ അവര്‍ നഖങ്ങളാല്‍ കോറിവരച്ച ചിത്രങ്ങള്‍ കലങ്കുകളുടെ കവിളില്‍ ഇന്നും ബാക്കികാണും.അമ്പലപ്പറമ്പിലും അരയാല്‍ത്തറയിലുമിരുന്നവര്‍ പലവയസ്സുകാരായിരുന്നു.തലമുറകളുടെ വൃത്തത്തില്‍ രചിക്കപ്പെട്ട സദസ്സുകള്‍.അക്ഷരശ്ലോകത്തിന്റെ പ്രാസവഴികളായിരുന്നു പ്രായമേറിയവര്‍ക്ക് പഥ്യം.അവര്‍ക്കരികിലൂടെ നടക്കുമ്പോള്‍ മലയാളം ക്ലാസ്സുകള്‍ ഓര്‍മ്മവരുമായിരുന്നു.വെളുത്ത ശിരസ്സുകള്‍.കൊഴിഞ്ഞ പല്ലുകള്‍ക്കിടയിലെ വലിയചിരികള്‍.വര്‍ഷങ്ങള്‍ കഴിയുന്തോറും അവയില്‍ ഓരോന്നായി കാണാതെയാകും.ശ്ലഥകാകളിയില്‍നിന്നെന്നപോലെ കാലം കുറച്ചുകളഞ്ഞുകൊണ്ടിരുന്ന അക്ഷരങ്ങള്‍.നഷ്ടമഞ്ജരികള്‍.
.
അല്പം കൂടി മാറിയിരുന്നവര്‍ ജയന്റെ സിനിമകള്‍പോലെയായിരുന്നു.സ്റ്റണ്ടും സെക്‌സും വഷളന്‍ തമാശകളും നിറഞ്ഞ അരങ്ങുകള്‍.അവിടെ അന്തിക്കള്ളിന്റേയും റമ്മിന്റേയും ഗന്ധങ്ങള്‍ ഇടകലര്‍ന്നു.ഇടയ്ക്ക് ബാലന്‍.കെ.നായരെപ്പോലെ ചിലര്‍ വീരവാദങ്ങളുടെ വെടിയുതിര്‍ത്തു.സീമയുടെ റോള്‍ പലപ്പോഴും ഭര്‍ത്താവ് മരിച്ചുപോയ ഏതെങ്കിലും സ്ത്രീക്കാകും.അവളുടെ രാവുകളെക്കുറിച്ചുള്ള അപവാദങ്ങള്‍ ആ സന്ധ്യകളില്‍ പട്ടംപോലെ ഉയര്‍ന്നുപൊങ്ങി.അപ്പോള്‍ അരയാല്‍ത്തറകളില്‍ പതിനാറുകാ കളിയുമായി ചെറുപ്പക്കാര്‍ ആര്‍ത്തു.തണുത്ത മണലില്‍ ഒറ്റയ്ക്ക് മലര്‍ന്നു കിടന്ന് ചിലര്‍ മാനംനോക്കി.പതിയെ ആള്‍ക്കൂട്ടങ്ങള്‍ ഓരോന്നായി അഴിഞ്ഞഴിഞ്ഞുപോകും.അമ്പലവെളി ശൂന്യമാകും.അരയാലിന്റെ തറയില്‍ ആരോ വരച്ച കളം മാത്രം പിറ്റേന്നത്തേക്ക് ബാക്കിയാകും.

.
ശരത്കൃഷ്ണ (rsarathkrishna@gmail.com)


വര: മദനന്‍

No comments: