Saturday, May 8, 2010

ഇബിലീസിന്റെ പിലാവ്... (കഥ)

.

കല്ലായി കുന്നിനു മുകളിലാണ് ഷെയ്ഖ്‌ അലവി തങ്ങളുടെ മഖ്ബറ. ചുറ്റോടുചുറ്റും കുന്നു മുഴുവന്‍ പുണ്യ പുരാതനമായ ഖബര്‍സ്ഥാനും . കാട് പിടിച്ചു കിടക്കുന്ന ഖബര്‍സ്ഥാന്റെ നടുവില്‍ കൂടിയാണ് മഖ്ബരയിലെക്കുള്ള പടികള്‍. പത്തു മുപ്പത് പടികള്‍ കയറിയാല്‍ മഖ്ബരയില്‍ കയറാം. അവിടെ പച്ച കൊടിയും പുതച്ചു കിടക്കുന്ന മഖ്ബരയില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കിയാല്‍ പച്ച പുതച്ചു കിടക്കുന്ന മാങ്ങാട്ട് വയലാണ്. മാങ്ങാട്ട് വയലിന്റെ അങ്ങേക്കരയില്‍ മാങ്ങാട്ട് അമ്പലവും..

അമ്പലത്തിന്റെയും പള്ളിയുടെയും അതിരെന്ന പോലെയാണ് ഈ വയല്‍ കിടക്കുന്നത്.. പത്തു മുപ്പതേക്കര്‍ വരും വയല്‍. അതില്‍ പത്തു പതിനഞ്ചു ഏക്കര്‍ മൊയ്തു ഹാജിയുടെയും ബാക്കി മങ്ങാട് കാവിലെ അച്യുതന്‍ നമ്പിയാരുടെയും..ഇതിന്റെ ഒത്ത നടുവിലാണ് പ്ലാവ് നില്‍ക്കുന്നത്...

മൊയ്തു ഹാജിയുടെതാണോ നമ്പിയാരുടെതാണോ എന്ന് അവര്‍ക്ക് പോലും നിശ്ചയമില്ലാത്തത് പോലെയാണ് പ്ലാവിന്റെ നില്‍പ്പ്. ആരും ഇന്ന് വരെ അതിന്റെ മേലെ അവകാശം ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം. അതിന്റെ മേലെ വിളഞ്ഞ ചക്കയുടെ രുചി പോലും ഇന്ന് വരെ മനുഷ്യനായി പിറന്ന ആരുമരിഞ്ഞിരുന്നില്ല....

കാരണം.... കല്ലായങ്ങാടിയിലെ മാപ്പിളമാര്‍ക്ക് അത് ഇബിലീസ് കേറിയ പിലാവാണെങ്കില്‍ മാങ്ങാട്ടെ തീയ്യന്മാര്‍ക്ക്‌ ചാത്തന്‍ കൂടിയ പ്ലാവാണ് അത്. ഞാന് ആദ്യം പറഞ്ഞ വിഭാഗത്തില്‍ പെട്ട് പോയതിനാല് എനിക്കും അത് ഇബിലീസ് കൂടിയ പിലാവ് തന്നെ....

‍ പറഞ്ഞ് വന്നാല്‍ എല്ലാവരും ഭയത്തോടു കൂടിയല്ലാതെ അതിനെ കാണാറില്ല എന്നര്‍ത്ഥം..
ചെറുപ്പം മുതല്‍ ഞങ്ങളും അതിനെ പേടിയോടു കൂടിയേ കണ്ടിട്ടുള്ളൂ.. പല കഥകളും അതെക്കുറിച്ച് കേട്ടിന്ട്ടുമുണ്ടായിരുന്നു.. ഈ പ്ലാവിനെ കുറിച്ചും പ്ലാവിലെ ബാധയെ കുറിച്ചും ഒരുപാടൊരു കഥകള്‍. കുട്ടിക്കാലത്തെ കേട്ട് പേടിച്ച ഈ കഥകളില്‍ കൂടി ആ പ്ലാവും പിലാവിലെ ഇബലീസും ഏറ്റവും വലിയ പേടി സ്വപ്നമായിരുന്നു ഞങ്ങള്‍ക്ക്.

പേടിപ്പിക്കാന്‍ കഥകള്‍ മാത്രമല്ല അനുഭവങ്ങളുമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതില്‍ പ്രധാന സംഭവമായിരുന്നു എന്‍റെ കൂടെ പഠിച്ച ദാസനെയും അബ്ദുവിനെയും ഇബിലീസ് പിടിച്ചത്. ഞങ്ങളുടെ കണ്മുന്നില്‍ ആണ് ദാസനെയും അബ്ദുവിനെയും ഇബിലീസ് കേറിയ പിലാവില്‍ നിന്നും രക്ഷപ്പെടുത്തിയതും..


............

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.. ഉച്ചയായപ്പോള്‍ അബ്ദുവിന്റെ ഉമ്മാന്റെ കരച്ചില്‍ കേട്ടാണ് പള്ളിയിലേക്ക് പോവുകയായിരുന്ന ഞങ്ങളെല്ലാം അവന്റെ കുടീലെത്തിയതും.. കല്ലായങ്ങാടീലെ കച്ചോടക്കാരന്‍ മമ്മട്ക്കയാണ് കാര്യം പറഞ്ഞത്. രാവിലെ അങ്ങാടീലേക്ക് മീന്‍ വാങ്ങാന്‍ പോയ അബ്ദു ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഇത് വരെ അങ്ങാടിയിലും എത്തിയിട്ടില്ല എന്നാണ് അറിഞ്ഞതും....

രാവിലെ മാങ്ങാട്ട് വയലിലേക്കു പോവുന്നത് ആരോ കണ്ടെന്നു പറയുന്നതും കേട്ടു.. കൂടെ ദാസനും ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോളാണ് ദാസന്റെ അമ്മയുടെ നിലവിളി തുടങ്ങിയത്.. രാവിലെ വീട്ടില്‍ നിന്നും പെങ്ങളുമായി അടിയും കൂടി പോയതായിരുന്നു.. ഇത് അവന്റെ സ്ഥിരം പരിപാടിയായതിനാല്‍ ഇത്രയും നേരം അങ്ങിനെ ശ്രദ്ധിച്ചിരുന്നില്ല... പക്ഷെ രണ്ടു പേരും കൂടി മാങ്ങാട്ട് വയലിലേക്കു പോവുന്നത് കണ്ടു എന്ന് പറഞ്ഞപ്പോള്‍ ഒരു പേടി..

വയലിന്റെ രണ്ടു വശങ്ങളില്‍ നേരത്തെ പറഞ്ഞത് പോലെ മാങ്ങാട്ടമ്പലവും ശേകിന്റെ കല്ലായി കുന്നുമാണെങ്കില്‍ മറ്റു രണ്ടു വശങ്ങള്‍ അതിനേക്കാള്‍ ഭീകരമാണ്.. ഒരു ഭാഗം റെയില്‍ പാളവും മറു വശം പാമ്പിന്‍ കോട്ടയും..

നട്ടുച്ചയ്ക്ക് പോലും വെയില്‍ അടിക്കാത്ത പാമ്പിന്‍ കോട്ടയില്‍ ഏത് സമയവും വിഷം മൂത്ത് നില്‍ക്കുന്ന പാമ്പുകളുടെ വിഹാരമാണ്... മറു ഭാഗത്തെ റെയില്‍ പാലത്തില്‍ ഏത് നേരത്താണ് തീവണ്ടി വരികയെന്നുമറിയില്ല,,
ഒത്ത നടുവില്‍ ഇബിലീസിന്റെ പിലാവും...

പകല്‍ സമയങ്ങളില്‍ പോലും ഒറ്റയ്ക്ക് ആളുകള്‍ പോകാന്‍ മടിക്കുന്ന സ്ഥലം.. അങ്ങോട്ടാണ് രണ്ടു കുട്ടികള്‍ പോയിരിക്കുന്നത്... അതും വെള്ളിയാഴ്ച... എല്ലെങ്കിലും കിട്ടിയാല്‍ മഹാഭാഗ്യം..

പള്ളിയില്‍ പോകാന്‍ പോലും മറന്നു എല്ലാവരും അബ്ദുവിന്റെ കുടീന്റെ മുറ്റത്ത് തന്നെ നില്‍ക്കുകയാണ്..

അപ്പോഴാണ്‌ നാടിലെ ധൈര്യശാലിയെന്നു പേരെടുത്ത കാദര്‍ക്കാന്റെ ഒച്ച ഉയര്‍ന്നത്..." ഇങ്ങള് ബെര്‍തെ ഇബിട കൂടീറ്റെന്താ കാര്യം.. ഞമ്മക്ക് ഒന്ന് അന്വേഷിച്ചു നോക്കിക്കൂടെ...ധൈര്യമുള്ളോല് എന്റൊക്ക ബന്നോ.... ഞാനെന്തായാലും ഒന്ന് ബയല് ബരെ ചെന്നോക്കട്ടെ.."

ധൈര്യം ചോദ്യം ചെയ്യപ്പെടുമെന്നായപ്പോള്‍ നാട്ടിലെ ചില ചെറുപ്പക്കാരും കാദര്‍ക്കാന്റെ കൂടെ കൂടി..അങ്ങിനെ മാങ്ങാട്ട് അമ്പലം മുതല്‍ പാമ്പിന്‍ കോട്ട വരെയും അവിടുന്ന് കല്ലായി കുന്നിലെ ഖബരിസ്ഥാനിലും പിന്നീട് കണ്ണെത്താദൂരത്തോളം റെയില്‍ പാളത്തിലും അന്വേഷണ സംഘം കറങ്ങി.. നിരാശരായി മടങ്ങുംപോളാണ് ആരുടെയോ കണ്ണ് ഇബിലീസുള്ള പിലാവിന്റെ കൊമ്പില്‍ എത്തിയത്.. അതിന്റെ ഏറ്റവും മുകളില്‍ ആര്‍ക്കും കയരാനാവാത്ത്ത കൊമ്പില്‍ ആരോ ഉള്ളത് പോലെ... എല്ലാവരും കാദര്‍ക്കാന്റെ നേതൃത്വത്തില്‍ പിലാവിന്റെ ചുവട്ടിലെത്തി...

താഴെ എത്തിയപ്പോള്‍ മുകളില്‍ നിന്നും ചില ഞരക്കവും മൂളിച്ചയും, കേള്‍ക്കാനും തുടങ്ങി... അതോടെയാണ് ധൈര്യശാലികളില്‍ പലരും പള്ളിയില്‍ പോവേണ്ട കാര്യം ഓര്‍ത്തതും മുങ്ങിയതും.. ബാക്കിയുണ്ടായിരുന്നവരില്‍ ചിലര്‍ എവിടുന്നോ ഒപ്പിച്ചു കൊണ്ടുവന്ന ഏണിയില്‍ കാദര്‍ക്ക കയറി നോക്കിയപ്പോള്‍ അതാ ഏറ്റവും മേലെ ആര്‍ക്കും കയരാനാവാത്ത്ത കൊമ്പില്‍ രണ്ടു കുട്ടികളും മയങ്ങി കിടക്കുന്നു...

എങ്ങിനെയൊക്കെയോ രണ്ടു പേരെയും രക്ഷപ്പെടുത്തി താഴെ കൊണ്ട് വരുമ്പോളും രണ്ടാള്‍ക്കും ബോധമുണ്ടായിരുന്നില്ല.. കല്ലായി പള്ളിയിലെ ഷെയ്ഖിന്റെ ഖുദുരത്തും മാങ്ങാട്ടമ്പലത്തിലെ പോര്‍ക്കലി ദേവിയുടെ കാവലും കൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതി.. അതും മുപ്പെട്ടു വെള്ളിയാഴ്ച നട്ടുച്ചയ്ക്ക്.. പോക്ക് വരവുള്ള മാങ്ങാട്ട് വയലില്‍.. ഇബിലീസിന്റെ പിലാവിന്റെ ഏറ്റവും മുകളിലെ കൊമ്പില്‍ നിന്നും രക്ഷപ്പെട്ടു എന്ന് പറയുമ്പോള്‍ തന്നെ ഒരു പേടി...

അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന ദാസനും അബ്ദുവും പിന്നീട് സ്കൂളിലെയും നാട്ടിലെയും പ്രധാന ആകര്‍ഷണങ്ങളായിരുന്നു. രാവിലെ മാങ്ങാട്ട് വയലില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ അവരെ കൂളിചൂട്ടു വഴിതെറ്റിച്ചതും പിലാവിന്റെ മുകളില്‍ കേറ്റിയതും.. പിലാവിന്റെ മുകളില്‍ അവര്‍ കണ്ട വലിയ കൊട്ടാരവും ഒക്കെ കുറെ കാലം നാട്ടുകാരുടെ സംസാര വിഷയമായിരുന്നു... അതോടൊപ്പം മണ്മറഞ്ഞു കിടക്കുന്ന ശേയികിന്റെ കരാമത്തും പോര്‍ക്കലി ദേവിയുടെ കഴിവുകളും നാട്ടിലെ പ്രധാന കഥകളായി... ഇതോടൊപ്പം ഓരോരുത്തര്‍ക്കും തോന്നിയത് പോലെ കഥകളില്‍ പുതിയ പുതിയ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും വരികയും ചെയ്തു.. പോര്‍ക്കലി ദേവി സിംഹപ്പുറത്തും ശേഖുപ്പാപ്പ കുതിരപ്പുറത്തും വരികയും ഇബിലീസുമായി യുദ്ധം ചെയ്തതുമൊക്കെ ഇതിന്റെ ഒപ്പം ചേര്‍ക്കപ്പെടുകയും ചെയ്തു..

...........

കാലം കടന്നു പോയി... ഈയടുത്ത കാലത്ത് ദുബായില്‍ ദേരയില്‍ കൂടി നടക്കുമ്പോളാണ് അബ്ദുവിനെ കണ്ടത്.. അബ്ദു പഴയ അബ്ദുവല്ല ഇപ്പോള്‍.. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പി ആര്‍ ഓ ആയ അബ്ദുല്‍രഹിമാന്‍ അബ്ദുല്ലയാണ്.. കുറെ കാലം കൂടി കണ്ട സന്തോഷവുമായി "സബ്ക" ബസ്‌ സ്ടാണ്ടിനു മുമ്പിലെ ജ്യൂസ് കടയില്‍ നിന്നും ഓരോ ജ്യൂസിന്നു ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഞാനാണ് പഴയ കാര്യങ്ങള്‍ എടുത്തിട്ടത്.. ഒരുമിച്ചു സ്കൂളില്‍ പോയതും പഴയ കൂട്ടുകാരെയും ഒക്കെ കഥകള്‍ ഇങ്ങിനെ പറയുമ്പോളാണ് നമ്മുടെ ദാസന്‍ ഇപ്പോള്‍ നാട്ടിലെ വലിയ മുതലാളി ആയ കഥ അറിഞ്ഞതും...

സംസാരം അങ്ങിനെ ദാസനില്‍ എത്തി നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു "... അബ്ദു... അന്ന് ഇബിലീസ് പിടിച്ചു കൊണ്ട് പോയത് കൊണ്ടാണ് എന്ന് തോന്നുന്നു ... നിങ്ങള്‍ രണ്ടു പേരും രക്ഷപ്പെട്ടു...ഞാനൊക്കെ ഇപ്പോളും ഇവിടെ ചെറിയൊരു കമ്പനിയില്‍ മുതലാളിയുടെ തെറിയും കേട്ടു സഹിച്ചു പിടിച്ചു കിടക്കുകയാ..."
"...അന്ന് നിന്റൊക്ക എന്നെയും ഇബിലീസ് പിടിച്ചിരുന്നെങ്കില്‍ ഞാനുമങ്ങു രക്ഷപ്പെട്ടേനെ..."

ചിരിച്ചു കൊണ്ടാണ് അബ്ദു പറഞ്ഞത് ".... എന്‍റെ പൊന്നു ചങ്ങായീ... ഇഞ്ഞ് ആരോടും പരയൂല്ലെങ്കില്‍ ഞാന്‍ കാര്യം പറയാം.... ഇബിലീസല്ല.. ബിലാത്തിയാ ഉള്ളത് ആ പെലായിന്റെ മോളില്..."
"ദാസനും ഞാനും ബീഡി കട്ട് വെലിക്കുവേനും ഓന്റെ അച്ഛന്റെയും മാമന്റേം കീശേന്നു.. അന്ന് എടുന്നോ ദാസനിക്ക് കിട്ടിയ കഞ്ചാവ് ബീഡിയാ ശരിക്കും ഞമ്മളെ പെലാവുമേല്‍ കേറ്റിയത്... എല്ലാണ്ട് ഒരു ഇബിലീസും ഇല്ല ചാത്തനും ഇല്ല..."
".....അന്ന് രാവിലെ മീന്‍ വാങ്ങാന്‍ പോയ എന്നെയും കൂട്ടി ദാസന്‍ പാമ്പിന്‍ കൊട്ടേല്‍ കൊണ്ടോയി ബീഡി കത്തിച്ചു രണ്ടു പോക എടുത്തത് ഓര്‍മ്മെണ്ട്... പിന്നെ പോരെന്റെ മുറ്റത്ത്‌ കെടക്കുന്നതാ എന്‍റെ ഓര്‍മ്മ... കഞ്ചാവിന്റെ ചൂടില്‍ അങ്ങ് കേറി പോയതാ പെലാവുംമല്... എന്നിറ്റു ഓരോ ഇബിലീസും ബിലാത്തിയും..." അബ്ദുവിന്റെ ചിരിയില്‍ ഞാന്‍ ആകെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു...

..................

ഇത്തവണ നാട്ടില്‍ വന്നപ്പോളും ഞാന്‍ കണ്ടു ഇബിലീസിന്റെ പിലാവിനെ... അത് മുറിക്കാന്‍ വന്നവര്‍ മഴു കൊണ്ട് തട്ടിയപ്പോള്‍ അതില്‍ നിന്നും ചോര വന്നതും... മുറിക്കാന്‍ എത്തിയ കരാരുകാരനോട് രാത്രി സ്വപ്നത്തില്‍ പാമ്പ് വന്നു ആ മരം മുറിക്കരുത് എന്ന് പറഞ്ഞതും ഒക്കെ നാട്ടിലെ പുതിയ കഥകള്‍ ആയി കേള്‍ക്കുകയും ചെയ്തു... അബ്ദുവിന് കൊടുത്ത വാക്ക് കാരണം ഞാന്‍ ഇക്കഥ ആരോടും പറഞ്ഞില്ല... ഇപ്പോള്‍ നിങ്ങളോടും...

.

7 comments:

Asia V P said...

nannayitundu faizalkkaa......faizalkka poyittundo kanchavu valikkan....

Faizal Bin Mohammed™ said...

അത് ശരി അവസാനം പണി എനിക്കായി അല്ലേ... ഇല്ല മോളെ ഇന്ന് വരെ അതിന്റെ ടേസ്റ്റ് മാത്രം അറിഞ്ഞിട്ടില്ല... നോക്കണം ഒന്ന് എങ്ങിനെയിരിക്കുന്നു എന്ന്... ha ha ha...

Adv.Muhammed Edakkudi said...

ഫൈസലേ വളരെ നന്നായിട്ടുണ്ട് അവതരണം..നാം നമ്മുടെ പണക്കാരായ സുഹൃത്തുകളെ കണ്ട് അപകര്‍ഷത ബോധം ഉണ്ടാവുന്നതിലും നല്ലത് ഇപ്പോഴും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രയാസപ്പെടുന്നവരെയും നമ്മെയും തുലനം ചെയ്ത് ആശ്വസിക്കുന്നതാണ്.

JYURAS said...

ILAN'S FIRST WORDS..........
ATHALLE CORRECT?
ENTHAYALUM NALLATHUTHANNE......

anez champad said...

എല്ലാ നാട്ടിലുമുണ്ടാകും ഇതുപോലുള്ള എന്തെങ്കിലും. ഇബ്ലീസിന്റെ പ്ലാവ് സമൂഹത്തിലെ അണ്ട വിശ്വാസങ്ങളുടെയും കെട്ടുകതകളുടെയും നേര്‍ക്കാഴ്ചയാണ്‌. സ്വാര്‍ത്ഥ താല്പര്യങ്ങല്കായി പണ്ടെങ്ങോ ആരോ ഉണ്ടാക്കിയ ഒരു കെട്ടുകഥ. അതിന്റെ ചുവടു പിടിച്ച കഥകളും ഉപകഥകളും..ഈ പോസ്റ്റ്‌ മോഡേണ്‍ യുഗത്തിലും നാട്ടുകാര്‍ക്ക് ഈ കാര്യങ്ങളില്‍ യാതൊരു മാറ്റവും വന്നില്ല എന്നുള്ളത് ഫൈസലിന്റെ അവസാന വരികളില്‍ നിന്നും മനസിലാകാം. എന്തായാലും ഫൈസലിന്റെ അവതരണ രീതി അഭിനണ്ടാനമാര്‍ഹിക്കുന്നു...

Rafeek Patinharayil said...

Faizal Bin Mohammed™
Same oru Pilvau ente nattilum Undu!!!

Faizal Bin Mohammed™ said...

ശരി..... ഈ പ്ലാവിനെ ഞാന്‍ രഫീഖിന്നു വേണ്ടി ഡഡികേറ്റ് ചെയ്തിരിക്കുന്നു.... ഈ പ്ലാവ് "വളയത്ത്" തന്നെ നിന്നോട്ടെ.... :-)