Sunday, September 26, 2010

നമ്മുടെ സ്കൂൾ മുറ്റത്ത് ഇതൊക്കെ നടക്കുന്നു..... വിശ്വസിക്കുമോ?!!!!!!!!!!!

കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന മൂന്ന്‌
പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും
മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു
മുമ്പില്‍ സംശയിച്ചു നിന്നു.രണ്ടാഴ്‌ചക്കു മുമ്പാണ്‌.
വേഷം കണ്ടാലറിയാം. വലിയവീടുകളിലെ കുട്ടികളാണ്‌. വന്നിരിക്കുന്നത്‌
കാറില്‍. ആശങ്കയോടെയാണവര്‍ ചികിത്സാ കേന്ദ്രത്തിന്റെ പടികയറിയത്‌.
അവര്‍ക്കറിയേണ്ടത്‌ ബംഗ്ലൂരുവിലും മംഗലാപുരത്തും ലഹരിക്കടിമകളായവരെ
ചികിത്സിക്കുന്ന കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പരുമായിരുന്നു.

ആര്‍ക്കാണെന്ന്‌ കേന്ദ്രത്തിലെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ അന്വേഷിച്ചപ്പോള്‍
കൂട്ടുകാരികള്‍ക്ക്‌ വേണ്ടിയാണെന്ന്‌ പറഞ്ഞു. ലഹരിപദാര്‍ഥങ്ങള്‍
ഉപയോഗിക്കുന്നയാള്‍ പെട്ടെന്ന്‌ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു ഒരുവള്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌.
വിവരങ്ങള്‍ ചോദിച്ചറിയുകയും ലഭ്യമായ ചിലഫോണ്‍ നമ്പരുകള്‍ ശേഖരിക്കുകയും
ചെയ്‌തശേഷം കൂട്ടുകാരികളേയും കൂട്ടി ഉടനെവരാമെന്ന്‌ പറഞ്ഞുപോയ
പെണ്‍കുട്ടികളെക്കുറിച്ച്‌ പിന്നെ വിവരമൊന്നുമില്ല.
...........................................................................................

കോഴിക്കോട്‌
നഗരത്തിലെ ഒരു ഗവ ഹൈസ്‌കൂളില്‍ 90 ശതമാനവും അധ്യാപകര്‍ സ്‌ത്രീകളാണ്‌.
ഇവിടെ പത്തിലും ഒന്‍പതിലും വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്നു ചില
വിദ്യാര്‍ഥികള്‍. പ്രായം പതിനേഴോ പതിനെട്ടോ ആയി. മീശകുരുത്ത കുട്ടികളെ
കണ്ടാല്‍ അധ്യാപകരാണെന്ന്‌ പുറമെനിന്നുള്ളവര്‍ സംശയിച്ചുപോകും.

ഇവര്‍ പിറകിലെ സീറ്റിലെ ഇരിക്കൂ. ക്ലാസ്‌ നടക്കുന്നതിനിടയില്‍
അന്തരീക്ഷത്തില്‍ പുക ഉയരുന്നത്‌ കാണാം. ആരാണ്‌ പുകവലിക്കുന്നതെന്ന്‌
ചോദിച്ചാല്‍ ഉത്തരമില്ല. ആരോ തലുകഞ്ഞ്‌ ആലോചിക്കുന്നതിന്റെ പുകയാവുമത്‌
എന്നാണ്‌ ചിലകുട്ടികളുടെ കമന്റ്‌. ടീച്ചര്‍മാര്‍ക്ക്‌ ഇവരെ പേടിയാണ്‌.
അടുത്തേക്ക്‌ ചെല്ലാന്‍പോലും. അവരോട്‌ ചോദ്യങ്ങളില്ല.
ഉത്തരങ്ങളുമുണ്ടാവില്ല. ഒന്ന്‌ വിരട്ടാമെന്ന്‌ വെച്ചാലോ അതിനേക്കാള്‍ വലിയ
രീതിയില്‍ അവര്‍ പേടിപ്പിക്കും. ചെറിയ ശിക്ഷയാവാമെന്ന്‌ കരുതിയാലോ
?ടീച്ചര്‍മാരുടെ കയ്യിലെവടി ചേട്ടന്‍മാര്‍ പിടിച്ച്‌ വാങ്ങും. സിഗരറ്റും
ഹാന്‍സും പാന്‍പരാഗും കഞ്ചാവുമെല്ലാം ഉപയോഗിക്കുന്നവരുണ്ടവരില്‍. മദ്യപാനം
പതിവാക്കിയവരും.

ശല്യം സഹിക്കവയ്യാതെ സ്‌കൂളധികൃതര്‍ പി ടി എ മീറ്റിംഗ്‌ വിളിച്ചു.
മീറ്റിംഗില്‍ പങ്കെടുക്കാന്‍ സമയമില്ലെന്നായിരുന്നു മിക്ക
രക്ഷിതാക്കളുടെയും മറുപടി. കാരണം മറ്റൊന്നുമല്ല. അവരൊക്കെ
സാധാരണതൊഴിലാളികളാണ്‌. മീറ്റിംഗില്‍ പങ്കെടുക്കണെങ്കില്‍ ജോലിക്ക്‌
പോകാനാവില്ല. ജോലികളഞ്ഞ്‌ മീറ്റിംഗില്‍ പങ്കെടുക്കാന്‍ മാത്രം ഗൗരവമുള്ള
വിഷയമായി ഇതിനെ അവര്‍ കാണാനായില്ല എന്നതാണ്‌ വിചിത്രം.

ഇത്‌ കോഴിക്കോട്‌ നഗരത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റേയോ
വനിതാകോളജിന്റേയോ ജനറല്‍ കോളജിന്റെയോ മാത്രം കഥയല്ല. കേരളത്തിലെ
കലാലയങ്ങളില്‍ നിന്നെല്ലാം ഉയരുന്നു ലഹരിയുടെ പുകപടലങ്ങള്‍.
അരാജകത്വത്തിന്റേയും അനുസരണക്കേടിന്റേയും സര്‍വകലാശാലകളായി മാറുകയാണോ
നമ്മുടെ കലാലയങ്ങള്‍...?

ഈമാസത്തിന്റെ ആദ്യപുലരിയിലായിരുന്നു ആ വാര്‍ത്ത നമ്മെ തേടിയെത്തിയത്‌.
ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായതോടെയാണ്‌
കലാലയങ്ങളിലേക്ക്‌ പടര്‍ന്നുകയറിയ പുതിയ ലഹരിമാഫിയകളെക്കുറിച്ച്‌ കേട്ട്‌
ഞെട്ടിയത്‌. കോഴിക്കോട്ടെ ഷാഡോ പോലീസിന്റെ വലയിലാണിവര്‍ കുരുങ്ങിയത്‌.
ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളജ്‌
വിദ്യാര്‍ഥികളാണ്‌. സ്‌കൂള്‍ കുട്ടികളാണ്‌ തങ്ങള്‍ക്ക്‌ വേണ്ടി മൈസൂരില്‍
നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക്‌ ലഹരിഗുളിക എത്തിച്ചു
തരുന്നതെന്നാണ്‌ ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയത്‌.


ഇവിടെ
പത്തിരട്ടി വിലക്കാണത്‌ വില്‍ക്കുന്നത്‌. മാസത്തില്‍ ഒന്നോ രണ്ടോതവണ
നാട്ടിലെത്തുമ്പോഴെല്ലാം ഇവരുടെ പക്കല്‍ 500 സ്‌ട്രിപ്പുകളുണ്ടാകും.
കഠിനവേദനക്കും മനോ ദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്‌ടര്‍മാര്‍ കുറിച്ച്‌
നല്‍കുന്ന മരുന്നുകളിലാണ്‌ ലഹരിയുടെ പുതിയ സ്വര്‍ഗരാജ്യം കുട്ടികള്‍
കണ്ടെത്തിയിരിക്കുന്നത്‌.


കോഴിക്കോട്ടെ
പല മനോരോഗ വിദഗ്‌ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം
ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട്ടെ മനോരോഗ
വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിനരികില്‍ ഒരു വര്‍ഷത്തിനിടെ 30
കുട്ടികളാണ്‌ ചികിത്സക്കെത്തിയത്‌.

അവരില്‍
ഒരു പ്ലസ്‌ടു വിദ്യാര്‍ഥിനിയെ ലഹരിയുടെ മായികലോകത്തേക്ക്‌
കൂട്ടികൊണ്ടുപോയത്‌ തൊട്ടടുത്ത വീട്ടിലെ മദ്യവയസ്‌കയായ സ്‌ത്രീയായിരുന്നു.
എപ്പോഴും തിരക്കുകളിലായ അച്ഛന്‍. വീട്ടിലെത്തിയാല്‍ സൈബര്‍
ലോകങ്ങളിലേക്ക്‌ ഊളിയിടുന്നു അയാള്‍. ഉയര്‍ന്ന ബേങ്കുദ്യോഗസ്ഥന്‍.
കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്ന അമ്മ. സംഘര്‍ഷഭരിതമായ
ജീവിതത്തില്‍ നിന്ന്‌ അവള്‍ ആശ്വാസംതേടിയത്‌ അച്ഛന്‍ വാങ്ങിക്കൊടുത്ത
മൊബൈലിലൂടെയായിരുന്നു. അതുവഴി പുതിയ സൗഹൃദങ്ങള്‍ വന്നു. സ്‌നേഹിക്കാനും
അമ്മയുടേയും അച്ഛന്റേയും സ്‌നേഹം വാരിക്കോരി നല്‍കാനും അയല്‍പക്കത്തെ
ചേച്ചിയുമെത്തി.

അതോടെ
അവളുടെ ജീവിതം ആനന്ദകരമായി. വീട്ടിലെത്തിയാല്‍ ചേച്ചിയുടെ വീട്ടിലേക്ക്‌
ഓടും. രാത്രിവൈകിയെ തിരിച്ച്‌ വരൂ. ഭക്ഷണം പോലും അവിടെനിന്ന്‌.ചേച്ചിയുടെ
വീട്ടിലെ ചായമാത്രം മതിയായിരുന്നു അവള്‍ക്ക്‌. യാദൃച്ഛികമായാണ്‌ മൊബൈലില്‍
നിന്നും നീലച്ചിത്രങ്ങളുടെ ഘോഷയാത്രതന്നെ അമ്മക്ക്‌ കണ്ടെടുക്കാനായത്‌.
അയല്‍വീട്ടിലെ ചേച്ചി സ്‌നേഹത്തിന്റെ ലഹരി വിളമ്പിയിരുന്നത്‌
ചായയോടൊപ്പവും ഭക്ഷണത്തോടൊപ്പവുമായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍
വൈകിപോയി. എന്നിട്ടും അവള്‍ക്ക്‌ ആ ചേച്ചിയെകുറ്റപ്പെടുത്താന്‍
തോന്നിയില്ല എന്നതാണ്‌ വിചിത്രം.

എന്റെ വീട്ടില്‍ നിന്നും ലഭിക്കാതെപോയ സ്‌നേഹം എനിക്ക്‌ തന്നത്‌ ആ
ചേച്ചിയായിരുന്നുവെന്നാണ്‌ അവള്‍ പറയുന്ന ന്യായം. ചേച്ചിയുടെ വീട്ടിലെ ചായ
കിട്ടാതായതോടെ മനോനില തെറ്റിയ അവള്‍ പലതവണയാണ്‌ കൈഞരമ്പ്‌ മുറിച്ച്‌
ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ഇന്നും ചേച്ചി കോഴിക്കോട്‌ നഗരത്തിലിരുന്ന്‌
തന്നെ പുതിയ ഇരകളെ വീഴ്‌ത്തുകയും സത്‌കരിക്കുകയും
ചെയ്‌ത്‌കൊണ്ടിരിക്കുന്നു. ഇരയായ പെണ്‍കുട്ടിയേയുംകൊണ്ട്‌ ആ അച്ഛനും
അമ്മക്കും ആയിരം കാതമകലേക്ക്‌ നാടുവിടേണ്ടി വന്നു. പക്ഷേ ഒരിക്കലും അവര്‍
മകളുടെ ഭാവിയെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ പരാതിയുമായി രംഗത്ത്‌ വന്നില്ല.

ഒറ്റ എസ്‌ എം എസ്‌ മതി. ലഹരി വസ്‌തുക്കള്‍ എവിടേക്കും എത്തുന്നു.
സംസ്ഥാനത്തെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ്‌ വ്യാപാരം.
വില്‍ക്കാനും വാങ്ങാനും ഹോള്‍സെയിലായി കൊണ്ടുവരുന്നതിനും വിദ്യാര്‍ഥികള്‍.
ചരട്‌ വലിക്കാന്‍മാത്രം അന്തര്‍ സംസ്ഥാന റാക്കറ്റുകള്‍. വിപണനത്തിന്‌
ഹൈടെക്‌ സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും
അതിന്റെ ഭീകരാവസ്ഥ നമ്മള്‍ എത്രകണ്ട്‌ മനസിലാക്കിയിട്ടുണ്ട്‌...?
ശസ്‌ത്രക്രിയക്കുമുമ്പ്‌ ബോധം കൊടുത്താന്‍ ഉപയോഗിക്കുന്ന ഇന്‍ജക്ഷനിലും
വേദന സംഹാരികളായ ചില ഗുളികകളിലും കുട്ടികളെ പുതിയ ലഹരികണ്ടെത്താന്‍
പഠിപ്പിച്ചത്‌ ആരാണ്‌...?

അംഗീകൃത ഡോക്‌ടറുടെ കുറിപ്പില്ലാതെ മുതിര്‍ന്നവര്‍ക്ക്‌ പോലും മെഡിക്കല്‍
ഷാപ്പുകളില്‍ നിന്ന്‌ ലഭ്യമല്ലാത്ത ഇത്തരം ഗുളികകള്‍ കുട്ടികള്‍ക്ക്‌
കോഴിക്കോട്ടെ മെഡിക്കല്‍ ഷാപ്പുകളില്‍ നിന്നും ലഭ്യമാവുന്നു.
അതിനവര്‍ക്ക്‌ ഒരുഡോക്‌ടറുടെയും വക്കാലത്ത്‌ വേണ്ട. ഇത്തരം മെഡിക്കല്‍
ഷോപ്പകള്‍ ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ എത്രമാത്രം സുരക്ഷിതരാവും
അവര്‍....?

കഠിനവേദനയുള്ളവര്‍ക്ക്‌ മാത്രമെ വേദനസംഹാരി ആവശ്യമൊള്ളൂ. അല്ലാത്തവര്‍ അവ
ഉപയോഗിച്ചാല്‍ അത്‌ ലഹരിയാണ്‌. ഇതാവട്ടെ മാരകമായ പ്രശ്‌നങ്ങളാണ്‌ ഇവരില്‍
സൃഷ്‌ടിക്കുക. മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള
ചികിത്സാ കേന്ദ്രമായ സുരക്ഷയുടെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ പറയുന്നു.

മനുഷ്യന്റെ ശാരീരിക, മാനസിക, ബൗദ്ധിക വ്യവഹാരത്തെ പ്രതികൂലമായി ബാധിച്ച്‌
മയക്കമോ ഉണര്‍വോ ഉത്തേജനമോ വിഭ്രമജന്യതയോ വരുത്തി തീര്‍ക്കുന്ന
പ്രകൃതിജന്യമോ കൃത്രിമമോ ആയ പദാര്‍ഥങ്ങളാണ്‌ ലഹരി വസ്‌തുക്കള്‍. കറുപ്പ്‌,
മോര്‍ഫിന്‍, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, പെത്തടിന്‍, മെതഡോണ്‍,
ആംഫിറ്റമിന്‍സ്‌, കൊക്കൈന്‍, നിക്കോട്ടിന്‍, ഗുളികകള്‍, മദ്യം, കഞ്ചാവ്‌,
ഹാഷിഷ്‌, ചരസ്‌, ബാങ്‌ തുടങ്ങിയവയാണ്‌ സാധാരണ നിലയില്‍ ലഭ്യമായിരുന്ന ലഹരി
വസ്‌തുക്കള്‍. ആ കൂട്ടത്തിലേക്കാണ്‌ മയക്കുമരുന്ന്‌ മാഫിയ നടത്തിയ
ഗവേഷണത്തില്‍ കുട്ടികളെ മയക്കികിടത്താന്‍ പുതിയ ലഹരി ഗുളികകളും
കണ്ടുപിടിച്ചിരിക്കുന്നത്‌. സോഡ, ശീതള പാനീയം എന്നിവയില്‍ ചേര്‍ത്താണ്‌ ഇവ
ഉപയോഗിക്കുന്നത്‌. രണ്ട്‌ ക്യാപ്‌സൂള്‍ ചേര്‍ത്ത പാനീയം അകത്താക്കിയാല്‍
24 മണിക്കൂറ്‌ നേരത്തേക്ക്‌ സ്വര്‍ഗരാജ്യത്തിലൂടെ അഭിരമിക്കാനാവുമെത്രെ.
ചുരുങ്ങിയ ചെലവില്‍ ഏറെനേരം ലഹരിയില്‍ നീന്തിത്തുടിക്കാമെന്നത്‌ കൊണ്ടാണ്‌
വിദ്യാര്‍ഥികളും ഈ വഴിതേടിയിരിക്കുന്നത്‌.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കിരണിന്റെ (ശരിയായ പേരല്ല) കഥ വിചിത്രമാണ്‌.
ഭീതിജനകവും. ഒരു ദിവസം 15 മുതല്‍ 20വരെ ഗുളികകളായിരുന്നു അവന്‍
കഴിച്ചിരുന്നത്‌. ഒരേസമയം അഞ്ച്‌ ഗുളികകള്‍. നൈട്രോസിപാം, സ്‌പാസ്‌മോ
പ്രോക്‌സിയോണ്‍ എന്നീ ഗുളികകളെക്കുറിച്ചും ടെന്‍ഡസോസിന്‍ ഇന്‍ജക്ഷന്‍
മരുന്നിനെക്കുറിച്ചും അവന്‌ നന്നായി അയാം. കോഴിക്കോട്ടെ ഏതൊക്കെ മെഡിക്കല്‍
ഷോപ്പുകളില്‍ നിന്നാണത്‌ ലഭിക്കുന്നതെന്നും അവന്‍ പറഞ്ഞുതരും.


മറ്റു
വിദ്യാര്‍ഥികള്‍ ബംഗ്ലൂരില്‍ നിന്നും വരുന്ന ഏജന്റുമാരെ
കാത്തിരിക്കുമ്പോഴാണ്‌ കിരണ്‍ നേരെ ചെന്ന്‌ പണംകൊടുത്ത്‌ ഗുളികകള്‍
വാങ്ങുകയും അത്‌ ഉപയോഗിക്കുകയും ചെയ്യുന്നത്‌. കോഴിക്കോട്‌ ബീച്ചിനടുത്ത
സ്‌നൂക്കര്‍ ക്ലബിലെ സ്ഥിര സന്ദര്‍ശകനായിരുന്നു. അവിടുത്തെ
ചേട്ടന്‍മാരാണ്‌ കിരണിനെ ഈ മായികലോകത്തേക്ക്‌ ക്ഷമിക്കുന്നത്‌.
അതുവഴിയാണ്‌ ഈരംഗത്തെ മാഫിയയുമായുള്ള കൂട്ടുകെട്ടുമുണ്ടാക്കുന്നത്‌.

സ്വരച്ചേര്‍ച്ചയില്ലാത്ത അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ അവര്‍
പിരിഞ്ഞ്‌ ജീവിക്കാന്‍ തുടങ്ങിയിരുന്നു. അമ്മയോടൊപ്പം താമസിക്കുമ്പോഴും
അവനിഷ്‌ടം അച്ഛനോടായിരുന്നു. അച്ഛനാവട്ടെ മദ്യപാനിയായിരുന്നു. അമ്മയെ
മകന്‍ വെറുക്കുന്നതിനായി അയാള്‍ മകന്‌ നല്‍കിയിരുന്നത്‌ കണക്കില്ലാത്ത
പണമായിരുന്നു. ഇതാവട്ടെ അമ്മ അറിഞ്ഞതുമില്ല. ഒടുവില്‍ രണ്ടുവര്‍ഷം മുമ്പ്‌
കിരണിന്റെ അച്ഛന്‍ മരിച്ചു.


അതോടെ
പണംവരവ്‌ നിന്നു. അപ്പോഴാണ്‌ അണ്‍ എയ്‌ഡഡ്‌ വിദ്യാലയത്തില്‍ ടീച്ചറായ
അമ്മയെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയത്‌. അതോടെയാണ്‌ കിരണിന്റെ ലഹരിയുടെ
വഴിയിലേക്കുള്ള അന്വേഷണം തുടങ്ങുന്നത.്‌ കിരണിന്‌ പിടിപെട്ട പനിക്കുള്ള
ചികിത്സകനെന്ന പേരില്‍ ശിശുരോഗ വിദഗ്‌ധന്റെ വേഷംകെട്ടിയാണ്‌ ഡോ
സുരേഷ്‌കുമാര്‍ ചികിത്സ തുടങ്ങിയത്‌. ആറുമാസമായി ചികിത്സ തുടരുകയാണിന്ന്‌
കിരണ്‍. നിരന്തരമായി മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന്റെ
പ്രത്യാഘാതമില്ലാതാക്കുന്നതിനുള്ള ചികിത്സയാണ്‌ തുടരുന്നത്‌.

ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നതാണ്‌ മദ്യത്തിന്റെ രാസനാമം. കള്ള്‌, വൈന്‍,
ബിയര്‍, ബ്രാണ്ടി, റം, വിസ്‌കി, തുടങ്ങി അനവധിപേരുകളിലായി അവ വിപണിയില്‍
നിറയുന്നു. ഇവയിലെല്ലാം തന്നെ ആല്‍ക്കഹോളിന്റെ അളവ്‌ വ്യത്യസ്ഥ
രീതിയിലാണ്‌. മദ്യത്തിന്റെ ഉപയോഗം തന്നെയാണ്‌ ഒരാളെ അതിന്റെ
അടിമയാക്കിതീര്‍ക്കുന്നത്‌. കള്ളില്‍ അഞ്ചുമുതല്‍ പത്തു ശതമാനം വരെയാണ്‌
ആല്‍ക്കഹോളിന്റെ അളവെങ്കില്‍ ബിയറില്‍ ആറു ശതമാനം മുതല്‍ എട്ടുവരെയാണ്‌്‌.
വൈനില്‍ പത്തുശതമാനം മുതല്‍ ഇരുപത്തിരണ്ടുവരെ എത്തുമ്പോള്‍ ബ്രാണ്ടിയില്‍
40 മുതല്‍ 55 ശതമാനംവരെയാണ്‌. വിസ്‌കിയിലും റമ്മിലും ഇതേ തോതാണ്‌.
എന്നാല്‍ ചാരായത്തില്‍ 50 മുതല്‍ അറുപത്‌ ശതമാനമെത്തുന്നു.

മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍
പത്രവാര്‍ത്തകളിലൂടെ നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട്‌ ഞെട്ടുകയും
ഷാപ്പുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. മലയാളികള്‍ക്ക്‌ എന്നാല്‍
മയക്കുമരുന്ന്‌ ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നില്ല.
എന്നാല്‍ ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ്‌ മയക്കുമരുന്ന്‌ മൂലം പൊലിയുന്ന
ജീവിതങ്ങളുടെ അംഗസംഖ്യ . അവരുടെ പ്രായമോ മുപ്പത്‌ വയസ്സില്‍ താഴെയുമാണ്‌.
എന്നാല്‍ ലഹരിമരുന്നുകളുടെ കൂട്ട ദുരന്തങ്ങളുണ്ടാകാന്‍ കാത്തിരിക്കുകയാണോ
മലയാളികള്‍ പൊട്ടിത്തെറിക്കാന്‍...?

പുകവലി ശീലം കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്‌തുക്കളുടെ ഉപയോഗം
കൂടിവരുന്നതായാണ്‌ കണക്കുകള്‍. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന്‌
ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന്‌ അഭയമായി മാറുന്നുണ്ട്‌. നേരത്തെ
അന്‍പത്‌ വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും
അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാറാണ്‌.
പതിനാറാം വയസില്‍ ഒരാള്‍ ലഹരിക്കടിമയായി മാറണമെങ്കില്‍ അവന്‍ ഏതുകാലത്തു
തുടങ്ങിയിട്ടുണ്ടാകണം ഈ ശീലം...? സുരക്ഷയിലെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍
ചോദിക്കുന്നു.


പതിനാറിനും
നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 689 പേരാണ്‌ സുരക്ഷയില്‍ മാത്രം
ഒരു വര്‍ഷത്തിനിടെ ചികിത്സതേടിയെത്തിയത്‌. ഇവരില്‍ തൊണ്ണൂറ്‌
ശതമാനത്തിന്റേയും പ്രായം ഇരുപത്തിയഞ്ചില്‍ താഴെയാണ്‌. കോഴിക്കോട്ടെ ലഹരി
ഉപയോക്താക്കള്‍ക്കിടയിലും ലൈംഗിക തൊഴിലാളികള്‍ക്കിടയിലും
പ്രവര്‍ത്തിക്കുന്ന സംഘടനയായ സി എസ്‌ ആര്‍ ഡി നടത്തിയ പഠനത്തില്‍
കോഴിക്കോട്ടെ ലഹരി ഉപയോക്താക്കളില്‍ എഴുപത്തിമൂന്ന്‌ ശതമാനവും മുസ്‌ലിം
ചെറുപ്പക്കാരാണെന്നാണ്‌ കണ്ടെത്തിയത്‌. കൊച്ചിയില്‍ ജനസംഖ്യയില്‍ മൂന്നാം
സ്ഥാനത്താണ്‌ മുസ്‌ലിംകള്‍. എന്നാല്‍ ലഹരി ഉപയോഗത്തില്‍ അവരായിരുന്നു
ഒന്നാമത്‌. തിരുവനന്തപുരത്ത്‌ മാത്രമെ അവര്‍ രണ്ടാമതെത്തിയൊള്ളൂ. ഇതെല്ലാം
ചേര്‍ത്തുവായിക്കുമ്പോള്‍ യഥാര്‍ഥ ചിത്രത്തിന്റെ ഭീകരാവസ്ഥ
വ്യക്തമാവുന്നു.


നേരത്തെ
പറഞ്ഞ കോഴിക്കോട്ടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ രക്ഷിതാക്കള്‍
മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കിലും സ്‌കൂള്‍ അധികൃതര്‍ ബോധവത്‌കരണ
സെമിനാര്‍ സംഘടിപ്പിച്ചു. അതില്‍ ആരോപണവിധേയരായ ചിലകുട്ടികള്‍
വന്നതേയില്ല. എന്നാല്‍ കൂടുതല്‍ സംശയങ്ങളും ആശങ്കകളും ഉയര്‍ന്നത്‌
താഴ്‌ന്നക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്നായിരുന്നു. അവരും പാന്‍പരാഗും
ഹാന്‍സുമൊക്കെ ശീലിച്ചു തുടങ്ങിയിരുന്നു.
ഇവര്‍ ക്ലാസില്‍ വരാത്തവരും ലഹരി ഉപയോഗിക്കുന്നവരുമായ മുതിര്‍ന്ന
കുട്ടികളോട്‌ ലഹരി ഉപയോഗത്തിന്റെ ദൂശ്യവശങ്ങള്‍ വിവരിച്ച്‌ കൊടുത്തപ്പോള്‍
അവരുടെ മറുപടി ഇങ്ങനെയായിരുന്നു. അതൊക്കെ വെറുതെ പറയുന്നതാടാ നമ്മളെ
പേടിപ്പിക്കാന്‍... ഇതൊന്നുംകണ്ട്‌ നിങ്ങള്‍ പിന്‍മാറാന്‍ പോകണ്ടാ... ഉള്ള
സമാധാനംകൂടി നഷ്‌ടമാവുകയെയുള്ളൂ.

ലഹരിയെന്ന സര്‍വകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷയാണ്‌ ഹാന്‍സും
പാന്‍പരാഗുമെന്നും ഇപ്പോഴും നമ്മുടെ രക്ഷിതാക്കള്‍ മനസിലാക്കുന്നില്ല.
വിലക്കപ്പെട്ടപലകാര്യങ്ങളും അനുവദിക്കപ്പെടുന്ന ഒരു കാലത്ത്‌ ലഹരിയുടെ
പ്രൈമറിതല വികസനത്തെക്കുറിച്ച്‌ രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തത്‌
തന്നെയാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. പിന്നീട്‌ പഴുത്ത്‌ വൃണമായി മാറുന്നു.
അപ്പോള്‍മാത്രം നിലവിളിക്കാനും പരിഹാരമാര്‍ഗം തേടി ഓടാനുമെ
രക്ഷിതാക്കള്‍ക്ക്‌ നേരവുമൊള്ളൂ. അത്‌ മാറാത്തിടത്തോളം കാലം ഈ പ്രവണത
കൂടുതല്‍ ചീഞ്ഞുനാറുകയെയൊള്ളൂ.

മയക്കുമരുന്നിന്‌ അടിമയായിമാറുന്ന വ്യക്തിക്ക്‌ വിവേകവും ഗുണദോഷ
ചിന്താശക്തിയും നഷ്‌ടപെടുന്നതോടെ അത്യാഹിതങ്ങളില്‍ എളുപ്പത്തില്‍
ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്‌. സാമൂഹിക, കുടുംബ ബന്ധങ്ങളില്‍ നിന്നും
അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിര്‍ബന്ധിതനാകുന്നു. ലഹരി
പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ
വൈദ്യശാസ്‌ത്രപരമായി ചികിത്സിച്ചുമാറ്റാന്‍ ഇന്ന്‌ സംവിധാനങ്ങളുണ്ട്‌.
വൈദ്യശാസ്‌ത്ര മനശാസ്‌ത്ര സംയുക്ത ചികിത്സകൊണ്ട്‌ മാത്രമെ ഒരാള്‍ക്ക്‌ ഈ
അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാധിക്കൂ. സുരക്ഷയിലെ ഡോ. സത്യനാഥന്‍
പറയുന്നു.


മയക്കുമരുന്നിനടിമയാവുകയെന്നത്‌
ഒരുരോഗമാണ്‌. രോഗിയെ സമാധാനിപ്പിക്കുകയും അയാള്‍ക്ക്‌ നഷ്‌ടപ്പെട്ടുപോയ
ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ്‌ സാമൂഹിക
ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. പ്രശ്‌നങ്ങളെ
പര്‍വതീകരിക്കരുത്‌. എന്നാല്‍ ഉള്ള സത്യത്തെ അംഗീകരിക്കുകയും
അതെക്കുറിച്ച്‌ ഉണര്‍ന്ന്‌ ചിന്തിക്കുകയും ചെയ്യുക. അതിന്‌ ശേഷം
പരിഹാരമാലോചിക്കുക. ലഹരിക്കടിമകളായവരെ യാഥാര്‍ഥ്യത്തിന്റെ
മുമ്പിലേക്കെത്തിക്കുക. ഒരിക്കലും പരിഹാരം അകലെയല്ല. നാളെത്തെ തലമുറയുടെ
നല്ല ഭാവിക്കുവേണ്ടി നമുക്ക്‌ അതേ ചെയ്യാനുള്ളൂ.



മയക്കുമരുന്നിനടിമയായ വ്യക്തിയില്‍ കാണാവുന്ന
ലക്ഷണങ്ങള്‍
മറവി, കളവ്‌ പറയുവാനും മറ്റുള്ളവരെ വഴിതെറ്റിക്കാനുമുള്ള പ്രവണത.
വേഗത്തില്‍ ഉത്തേജിതനാകും. എളുപ്പത്തില്‍ കൂപിതനാകും. നിസാരകാര്യങ്ങള്‍ക്ക്‌ വാദ വിവാദങ്ങളില്‍ ഏര്‍പ്പെടും.
ലഹരി ഉപയോഗിക്കാറുണ്ടെന്ന്‌ ഒരിക്കലും സമ്മതിച്ച്‌ തരില്ല.
ചര്‍ദി, ചുമ, ദേഹാസ്വാസ്ഥ്യം. കണ്ണില്‍ വീക്കവും ചുകപ്പുനിറവും. ആലസ്യവും ഉറക്കം തൂങ്ങലും.
കൈകളിലും വിരലുകളിലും വസ്‌ത്രങ്ങളിലും കരിഞ്ഞകലകളോ സൂചികുത്തിയ അടയാളങ്ങളോ.
വിറയലും വിക്കലും
ശരീരത്തിന്‌ ഒരുപ്രത്യേക ഗന്ധം
പെട്ടെന്നുള്ള ആരോഗ്യക്കുറവ്‌.
രുചിക്കുറവ്‌.
പഠനത്തില്‍ താത്‌പര്യക്കുറവ്‌.
മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന വ്യക്തിയുടെ താമസസ്ഥലത്തും ചുറ്റുപാടുകളിലും
തവിട്ടുനിറത്തിലോ വെളുത്തനിറത്തിലോ ഉള്ളപ്പൊടി, സിഗരറ്റിന്റെ കുറ്റികള്‍, സിറഞ്ച എന്നിവ കാണപ്പെടുക.



മദ്യത്തില്‍ ആല്‍ക്ക ഹോളിന്റെ അളവ്‌
കള്ള്‌ 5% 10%
ചാരായം 50% 60%
റം 40% 55%
വിസ്‌കി 40% 55%
ബ്രാണ്ടി 40% 55%
വൈന്‍ 10% 22%
ബിയര്‍ 6% 10%

(ഇതു കോഴിക്കോട്ട് മാത്രമല്ല... നമ്മുടെ നാട്ടിലും നടക്കുന്നു എന്നു പറയാണ്ടിരിക്കാൻ പറ്റുമോ?

6 comments:

Unknown said...

gud one

Faizal Bin Mohammed™ said...

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ശ്വാസത്തിനു ജീവശ്വാസം കിട്ടി തുടങ്ങുന്നു... സന്തോഷം.. ഇത്തരം കാലിക പ്രസക്തമായ വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

Unknown said...

കുട്ടികളെ ചൊല്ലി ആദിയോഴിഞ്ഞ നേരം ഇനിയുള്ള മാതാപിതാക്കള്‍ക്ക് ഉണ്ടാകുമെന്ന്‍ തോന്നുന്നില്ല. സ്കൂളില്‍ വരുന്നത് വരെ ആദിയാണ്.
കുട്ടികളെ നല്ല നല്ല കാര്യങ്ങളില്‍ വ്യാപൃതരാക്കുക, അവരവരുടെ മതപഠനക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുക. അവര്‍ക്കിഷ്ടമുള്ള നല്ല കലകളില്‍ അവരെ പ്രോത്സാഹിപ്പിക്കുക.ഒരു പരിധിവരെ വരെ ഇതൊക്കെ പരിഹാരമായേക്കാം. പിന്നെ പ്രാര്‍ത്ഥനയും.

Unknown said...

സ്കൂള്‍ മുറ്റം നന്മയുടെ പൂവാടിയായിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു.
ഇന്ന്‍ കുട്ടികള്‍ മടങ്ങിയെത്തും വരെ ആദിയാണ്.

കുട്ടികളെ നല്ല നല്ല കലകളില്‍ പ്രോത്സാഹിപ്പിക്കുക.അവരവരുടെ മതപഠന ക്ലാസ്സുകളില്‍ പങ്കെടുപ്പി ക്കുക... അവരോട് തുറന്നു പെരുമാറുക. ഇതൊക്കെ ഒരു പരിതിവരെ പരിഹാരമായേകും. പിന്നെ പ്രാര്‍ത്ഥനയും.

shafeek chendayad said...

Very GOOD Fantastic...Itharam kalika pradanyamulla leganangal veendum pradeekshikkunnu....




Shafeek abubaker
2003-2006
9967306172
Now in MuMBAi

Unknown said...

thanks